കൊല്ലം: ബൈക്കിൽ ലിഫ്റ്റ് നൽകിയിട്ട് മധ്യവയസ്കന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മുണ്ടയ്ക്കൽ കളിയിൽ കടപ്പുറത്ത് ബെൻ മോറിസ് (28) ആണ് അറസ്റ്റിലായത്. ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 16-ന് രാത്രി പത്തോടെ കൊല്ലം ബീച്ചിന് സമീപമുള്ള ബാറിൽ ആണ് സംഭവം. ബാറിൽ മദ്യപിക്കാനെത്തിയ മധ്യവയസ്കനെ ചിന്നക്കടയിലേക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി എസ്.എം.പിയുടെ സമീപമുള്ള റെയിൽവേ ഗേറ്റിൽ ഇറക്കിയശേഷം കവർച്ച നടത്തുകയായിരുന്നു.
മധ്യവയസ്കൻ അണിഞ്ഞിരുന്ന മൂന്നേമുക്കാൽ പവൻ തൂക്കംവരുന്ന സ്വർണമാലയാണ് കവർച്ച നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ചു, വിഷ്ണു, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ ശ്രീകുമാർ, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.