പത്തനംതിട്ട : വീട്ടുടമസ്ഥയുടെ 10 പവനോളം തൂക്കം വരുന്ന സ്വർണമാല മോഷണം പോയ കേസിൽ വീട്ടുജോലിക്കുനിന്ന യുവതിയെ പോലീസ് പിടികൂടി. വടശ്ശേരിക്കര പേഴുംപാറ ഉമ്മമുക്ക് തടത്തിൽ വീട്ടിൽ മായ എന്ന് വിളിക്കുന്ന കെ.ജി.കൃഷ്ണകുമാരി(40) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. റാന്നി പുതുശ്ശേരിമല മാർതോമ്മ പള്ളിക്ക് സമീപം പരപ്പാട്ട് വീട്ടിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ ഷെറീന അസീസിന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. 2021 ഒക്ടോബർ 28നും ഈവർഷം ഫെബ്രുവരി 26നും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. താലിഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ ജോലിക്ക് നിന്ന കൃഷ്ണകുമാരി കിടപ്പുമുറിയുടെ അലമാരയിലെ ലോക്കറിൽ നിന്നും എടുത്തുകൊണ്ടു പോയതായി ഷെറീന പരാതിയിൽ പറയുന്നു.
ഷെറീന വീട്ടമ്മയാണ് ഭർത്താവ് ഷാഹുൽഹമീദ് നാലുവർഷം മുമ്പ് മരണപ്പെട്ടു. മകൻ വിദേശത്തായിരുന്നു. വീട്ടിൽ തനിച്ചാണ് താമസം. മാല ധരിക്കാതെ അലമാരയിലെ വലിപ്പിന്റെ ഉള്ളിലെ ചെറിയ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 2025 ഫെബ്രുവരിയിൽ ലോക്കർ തുറന്നു നോക്കിയപ്പോൾ മാല കാണാതായതിനെ തുടർന്ന് ജോലിക്കാരിയോട് തിരക്കിയപ്പോൾ എടുത്തിട്ടുണ്ടെന്നും തിരിച്ചു തരാമെന്നും സമ്മതിച്ചതായി പറയുന്നു. എന്നാൽ ഇതുവരെ തിരിച്ചു കിട്ടാത്തതിനാൽ പരാതി നൽകുകയായിരുന്നു. കൃഷ്ണകുമാരിയെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യലുകൾക്കുശേഷം പത്തനംതിട്ട കാത്തലിക് സിറിയൻ ബാങ്കിൽ നിന്ന് പണയം വെച്ച സ്വർണമാല കണ്ടെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി.