കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമായി. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 2080 രൂപയാണ് വര്‍ധിച്ചത്. ഏപ്രില്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 33,320 രൂപയായിരുന്നു വില. ഇന്നലെ ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35,400 രൂപ.
മാര്‍ച്ചിലും ഫെബ്രുവരിയിലും വില കുറഞ്ഞ ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വില വര്‍ധിച്ചത്. മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് വില കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാര്‍ച്ച് 31ന്) രൂപയുമായിരുന്നു.
ശനിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. അതേസമയം ഇന്ന് ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. ഔണ്‍സിന് 3.76 ഡോളര്‍ കുറഞ്ഞ് 1772.11 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില നേരിയതോതില്‍ കുറഞ്ഞ് 47,316 രൂപയായി.
അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 1780 ഡോളര്‍ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് കരുതുന്നതായും വിപണി സാഹചര്യങ്ങള്‍ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഇറക്കിയതും സ്വര്‍ണത്തിന് തുണയാകുന്നു. കോവിഡ് ആശങ്ക മാറുന്നതുവരെ സ്വര്‍ണവില വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് ഭീതിയില്‍ മുങ്ങിയ 2020 വര്‍ഷം 28 % കുതിപ്പാണ് സ്വര്‍ണം കാഴ്ച്ചവെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ പണമിറക്കുകയായിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണം 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്ത്യയില്‍ ഉത്സവകാലം പ്രമാണിച്ച് സ്വര്‍ണത്തിന്റെ ചില്ലറ ഡിമാന്‍ഡില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.