കൊച്ചി : കരിപ്പുര്‍ വിമാനത്താവളത്തില്‍ എയര്‍ഹോസ്‌റ്റസിനെ ഉപയോഗിച്ചു സ്വര്‍ണം കടത്തിയ കേസിലെ പ്രതികളില്‍ ചിലര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിലും പണം മുടക്കിയെന്നു നിഗമനം. ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിടികൂടാനായി ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസ് വഴിയാണു കരിപ്പൂര്‍ കേസിലെ പ്രതികളുമായുള്ള ബന്ധം. സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ എയര്‍ ഹോസ്‌റ്റസ് ഹിറോമാസ സെബാസ്‌റ്റ്യന്റെ മൊഴിയില്‍ രണ്ടു ഫൈസല്‍മാരെപ്പറ്റി പറയുന്നുണ്ട്. അതിലൊരാള്‍ രാഷ്‌ട്രീയക്കാരനും രണ്ടാമന്‍ ഫൈസല്‍ ഫരീദുമാണെന്ന് എന്‍.ഐ.എ. കരുതുന്നു.
ഇയാളെ കണ്ടിട്ടില്ലെന്നാണു ഹിറോമാസ പറഞ്ഞത്. ജനജാഗ്രതാ യാത്രയ്‌ക്കിടെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കരിപ്പുര്‍ കേസിലെ ഏഴാം പ്രതി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ സഞ്ചരിച്ചതു വിവാദമായിരുന്നു. ഒന്നാം പ്രതി ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി കാര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍നിന്നാണ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്തത്.
ഷഹബാസിനു ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നു. ബിനീഷിന്റെ സുഹൃത്തും ബെംഗളുരു മയക്കുമരുന്നു കേസിലെ പ്രതിയുമായ അനൂപ് മുഹമ്മദുമായി റമീസിന് അടുപ്പമുണ്ട്. സ്വപ്‌ന ബെംഗളുരുവില്‍ പിടിയിലായ ദിവസം ഇവര്‍ തമ്മില്‍ 23 തവണ ഫോണില്‍ സംസാരിച്ചിരുന്നു.
സ്വര്‍ണക്കടത്ത്, മയക്കുമരുന്നു സംഘങ്ങളുടെ പരസ്‌പര ബന്ധത്തിലേക്കാണു തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. രണ്ടിലും കള്ളപ്പണമാണ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന്റെ വിലയ്‌ക്കു പകരമായി മയക്കുമരുന്ന് നല്‍കുന്ന ഇടപാടും നടക്കുന്നുണ്ട്. ബെംഗളുരുവിലെത്തുന്ന മയക്കുമരുന്നിന്റെ നല്ലൊരു ഭാഗം കേരളത്തിലെ റേവ് പാര്‍ട്ടികളിലേക്കാണു വരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം കൂടുതല്‍ അന്വേഷിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെയും എന്‍.ഐ.എയുടെയും തീരുമാനം. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നു കൊണ്ടുവരുന്ന ലഹരി വസ്‌തുക്കള്‍ പശ്‌ചിമേഷ്യയിലെ തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ക്കു കൈമാറുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.