കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്ന ലോക്കറിന്റെ സംയുക്ത ഉടമയാണ് താനെന്നും എന്നാല്‍ ഇവയുടെ ഉറവിടം തനിക്കറിയില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. കേസില്‍ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആഗസ്റ്റ് 19നാണ് എന്‍ഫോഴ്സ്മെന്റ് വേണുഗോപാലിന്റെ മൊഴിയെടുത്തത്. താന്‍ ജോയിന്റ് ഹോള്‍ഡറായ ലോക്കറിലെ പണത്തിനും സ്വര്‍ണത്തിനും തനിക്കും ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ ഇവയുടെ ഉറവിടം അറിയില്ലെന്നും സ്വപ്‌ന ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്നും വേണുഗോപാല്‍ മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ സെയ്ന്‍ വെഞ്ച്വേര്‍സ് ഡയറക്ടര്‍ പി വി വിനോദ് മൊഴി നല്‍കിയതായും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം ലോക്കറില്‍ നിന്നു ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിക്ക് ലഭിച്ച കമ്മീഷനാണെന്നായിരുന്നു സ്വപ്നയുടെ മൊഴി.
ഈ പശ്ചാത്തലത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും 14 ദിവസത്തേയ്ക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിച്ച കോടതി ഇവരുടെ കസ്റ്റഡി കാലാവധി കോടതി സെപ്തംബര്‍ ആറു വരെ നീട്ടി.