കൊച്ചി : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോർന്നത് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ സീൽവെച്ച് നൽകിയ മൊഴി. സ്വപ്നയുടെ മൊഴിയുടെ പകർപ്പ് അവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും രഹസ്യസ്വഭാവം കണക്കിലെടുത്ത് നൽകിയിരുന്നില്ല. 32 പേജുള്ള മൊഴിയിൽ മൂന്ന് പേജുകളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കസ്റ്റംസിനുള്ളിൽനിന്നാണ് മൊഴി ചോർന്നതെന്ന് ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിരുന്നു. സി.പി.എമ്മിനോട് അനുഭാവമുള്ള ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോൺരേഖകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റംസിന്റെ കസ്റ്റഡിയിൽനിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലേക്ക് കൈമാറുന്നതിന് തൊട്ടുമുമ്പാണ് സ്വപ്നയുടെ മൊഴി കോടതിയിൽ നൽകിയത്.
കള്ളക്കടത്തുകേസുകളിൽ കസ്റ്റംസ് നിയമത്തിലെ സെക്‌ഷൻ 108 പ്രകാരം പ്രതി അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ നൽകുന്ന മൊഴി കോടതിക്ക് ശരിയെന്ന് ബോധ്യപ്പെട്ടാൽ തെളിവായി സ്വീകരിക്കാം. മൊഴിപ്പകർപ്പ് വേണമെന്ന് സ്വപ്നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. രഹസ്യസ്വഭാവമുള്ളതും പുറത്തുവിട്ടാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും വാദിച്ച് കസ്റ്റംസ് അഭിഭാഷകൻ എതിർത്തതിനാൽ നൽകിയില്ല. ഈ മൊഴി ചോർന്നതിൽ വിചാരണക്കോടതി കസ്റ്റംസ് അന്വേഷണസംഘത്തോട് വിശദീകരണം ചോദിക്കാനിടയുണ്ട്.
സ്വപ്നയുടെ മൊഴി ചോർന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫ് അംഗത്തോട് കസ്റ്റംസ് വിവരങ്ങൾ തേടിയിരുന്നു. കസ്റ്റംസിനുള്ളിലെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു ഇത്. ഇദ്ദേഹത്തിലൂടെയാണ് മൊഴിപ്പകർപ്പിന്റെ മൂന്ന് പേജുകൾ മറ്റുപലരിലേക്കും എത്തിയതെന്ന് വ്യക്തമായതിനെ തുടർന്നാണ് നേരിട്ട് വിശദീകരണമുൾപ്പെടെ ആരാഞ്ഞത്. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നാണ് മന്ത്രിയുടെ സ്റ്റാഫ് അംഗം വിശദീകരണം നൽകിയത്. പുറത്തുവന്ന മൊഴിപ്പകർപ്പ് ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു.