കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. സ്വപ്ന സുരേഷ്, മുഹമ്മദ് അൻവർ ഒഴികെയുള്ള നാല് പ്രതികളെയാണ് കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായാണ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്.
നെഞ്ച് വേദനയെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വപ്നയെ ആൻജിയോഗ്രാം ചെയ്തതിനു ശേഷമുള്ള മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കോടതിയിൽ ഹാജരാക്കുകയുള്ളു. കോടതി ഉത്തരവുണ്ടായിട്ടും സ്വപ്നയെ കാണാൻ ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നിർദ്ദേശം നൽകാമെന്ന് കോടതി അറിയിച്ചു.
ഭർത്താവിനും മക്കൾക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാൻ എൻഐഎ കോടതി ഇന്നലെയാണ് അനുമതി നൽകിയത്. രണ്ടാഴ്ചയിലൊരിക്കൽ സ്വപ്നയെ നേരിൽക്കണ്ട് ഒരു മണിക്കൂർ സംസാരിക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്വപ്നയുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഉത്തരവിന്‍റെ പകർപ്പുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്ക് പോയിരുന്നു.