കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണ വേട്ട. 16 ലക്ഷം വിലമതിക്കുന്ന 349 ഗ്രാം വരുന്ന സ്വര്‍ണം ആണ് ഇത്തവണ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട കാസര്‍കോട് സ്വദേശി നൗഷാദിനെ കസ്റ്റംസ് പിടികൂടി. സൈക്കിളിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നും ഗോ എയര്‍ വിമാനത്തിലാണ് നൗഷാദ് നാട്ടിലെത്തിയത്. ദുബായിയില്‍ നിന്ന് കൊണ്ടുവന്ന സൈക്കിളില്‍ ആണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സുപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഹബീവ്, ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.