കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികൾ ഇതിനുമുമ്പും ഇതേമാർഗത്തിൽ സ്വർണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ് കണ്ടെത്തി. ജൂൺ മാസം മാത്രം നയതന്ത്രചാനൽ വഴി ഇവർ കടത്തിയത് 27 കിലോ സ്വർണ്ണമാണെന്നാണ് കണ്ടെത്തൽ. ഈ സ്വർണ്ണം എവിടെയാണ് എത്തിയതെന്നും ആരാണ് ഒളിപ്പിച്ചത് എന്നും അന്വേഷിക്കുകയാണ് കസ്റ്റംസ്.
സന്ദീപ് നായരാണ് ഈ സ്വർണ്ണം ഒളിപ്പിച്ചിരിക്കുന്നത് എന്നാണ് കസ്റ്റംസിന് ലഭിക്കുന്ന സൂചനകൾ. ജൂൺ 24, 26 തീയതികളിലാണ് സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽത്തന്നെയാണ് രണ്ട് തവണയും ബാഗ് എത്തിയത്. ഇത് സരിത്താണ് കൈപ്പറ്റിയത്. സ്വർണ്ണം അയച്ചത് ദുബായിലുള്ള ഫൈസൽ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പി കെ റമീസിന് വേണ്ടിയാണ് സ്വർണ്ണം എത്തിച്ചത്. ഈ കള്ളക്കടത്തിന് ചുക്കാൻ പിടിച്ചത് സന്ദീപ്, സ്വപ്ന, സരിത് എന്നിവരാണ്. ജൂൺ 24-ന് ഒൻപത് കിലോ സ്വർണ്ണവും 26-ന് 18 കിലോ സ്വർണ്ണവുമാണ് കടത്തിയതെന്നും വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
സന്ദീപ് നായർ എവിടെയാണ് ഈ സ്വർണ്ണം ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. വലിയ തുകയുടെ സ്വർണ്ണമാണ് ഇയാൾ ഒളിപ്പിച്ചിരിക്കുന്നത്. ആർക്കെങ്കിലും ഇത് കൈമാറിയതാണെങ്കിൽ അതാർക്ക്, അവരത് എവിടേക്കാണ് കൊണ്ടുപോയത് എന്നിങ്ങനെ അന്വേഷിക്കാൻ വിപുലമായ ഒരുനിര കാര്യങ്ങളുണ്ട് കസ്റ്റംസിന് മുന്നിൽ.