തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സ്വപ്നയെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്‍റെ നീക്കം കേസ് അടിമറിക്കാനാണോ എന്ന് സംശയമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ആര്‍എസ്എസിന് സർസംഘചാലക് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ നടത്തുന്ന ഉപവാസത്തിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സുരേന്ദ്രന്‍റെ ആരോപണങ്ങള്‍. പോലീസിന്‍റെ സഹായത്തോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സുരേന്ദ്രന്‍റെ ആക്ഷേപം. പാർട്ടി അഭിഭാഷകരെ രംഗത്തിറക്കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരോപിച്ചു. കോടിയേരിയുടെ പ്രസ്താവനകൾ സ്വർണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഒ രാജഗോപാല്‍ എംഎല്‍എ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉപവാസം ആരംഭിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉപവാസം ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.വൈകുന്നേരം ബിജെപി ജില്ലാ കമ്മിറ്റിയുടെ വെര്‍ച്വല്‍ റാലിയും നടക്കും.