കൊച്ചി: നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സ്വര്‍ണ കള്ളക്കടത്തില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണ്. സ്വര്‍ണക്കടത്തിന് കാരാട്ട് ഫൈസല്‍ നല്‍കിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജിലൂടെ കടത്തിക്കൊണ്ടു വന്ന സ്വര്‍ണം വിറ്റത് കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. മുമ്പ് 84 കിലോ സ്വര്‍ണം കൊണ്ടു വന്നതിലടക്കം ഫൈസല്‍ മുഖ്യ കണ്ണിയായിരുന്നുവെന്നും മൊഴിയുണ്ട്. സ്വര്‍ണം വിറ്റത് കൂടാതെ സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.
കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസല്‍. കൊടുവള്ളിയിലെ ലീഗ് കോട്ട തകര്‍ത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പ് നിരവധി സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇന്നലെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നത്തുന്നത്. കൊടുവള്ളി നഗരസഭാ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പുലര്‍ച്ചെ റെയ്ഡിനെത്തിയത്.