തിരുവനന്തപുരം : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെയും എന്‍.ഐ.എ ചോദ്യം ചെയ്‌തേക്കുമെന്നു സൂചന. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രി ജലീലിന്റെ ഓഫിസും ഉള്‍പ്പെടെ സെക്രട്ടേറിയറ്റിലെ 83 കാമറകളിലെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ജലീലിന്റെ ഓഫിസില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ എത്തിയിട്ടുണ്ടെന്ന് എന്‍.ഐ.എക്ക് സൂചന ലഭിച്ചതായാണ് വിവരം. ഇതേതുടര്‍ന്നാണ് എന്‍.ഐ.എ മന്ത്രിയുടെ ഓഫിസിലെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്‍.ഐ.എ ആവശ്യപ്പെട്ട പ്രകാരം 2019 ജൂലൈ ഒന്നു മുതല്‍ 2020 ജൂലൈ 12 വരെയുള്ള 83 സി.സി.ടി.വി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കില്‍നിന്നു ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്കാണ് പകര്‍ത്തുന്നത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സാങ്കേതിക വിഭാഗം ഹൗസ്‌കീപ്പിങ് വിഭാഗത്തിനു നല്‍കിയിരിക്കുന്ന വിവരം.
ഇതനുസരിച്ച് ഒരാഴ്ച മുതല്‍ 10 ദിവസമെങ്കിലും സമയം വേണ്ടിവരും. മന്ത്രി ജലീലിന്റെ ഓഫിസിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സ്വപ്‌നയുടെയും മറ്റു പ്രതികളിലാരുടെയെങ്കിലും സാന്നിധ്യമുണ്ടെങ്കില്‍ ചോദ്യം ചെയ്യാമെന്നാണ് എന്‍.ഐ.എ എടുത്തിരിക്കുന്ന നിലപാട്. നേരത്തെ മന്ത്രി ജലീലും അദ്ദേഹത്തിന്റെ പഴ്‌സനല്‍ സ്റ്റാഫ് നാസറും സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. സ്വപ്‌ന സുരേഷും മന്ത്രിയും കഴിഞ്ഞ ജൂണില്‍ ഒന്‍പതു തവണയാണ് ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ്.എം.എസും അയച്ചിട്ടുണ്ട്. ജലീല്‍ സ്വപ്നയെ അങ്ങോട്ട് വിളിച്ചതായാണ് എന്‍.ഐ.എയ്ക്കും കസ്റ്റംസിനും ലഭിച്ച സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതി സരിത്തും മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫായ നാസറിനെ വിളിച്ചിരുന്നു.
ഇതിനിടെ ബെന്നി ബഹനാന്‍ എം.പി ജലീലിനെതിരേ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പരാതി എന്‍.ഐ.എ ഡി.ഐ.ജി കെ.ബി വന്ദനക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.