തിരുവനന്തപുരം : സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ നിന്ന് മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെയും മന്ത്രി കെ.ടി. ജലീലിനെയും തല്ക്കാലം വിടില്ലെന്നുറപ്പിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇരുവര്‍ക്കുമെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള തീവ്രപരിശോധനയിലാണ് കസ്റ്റംസും എന്‍.ഐ.എയും. ഇവര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയോയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് (ഡി.ആര്.ഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവരും പരിശോധിക്കുന്നു.
എന്‍.ഐ.എയും കസ്റ്റംസും ദീര്‍ഘമായി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീക്കിയത്. ശിവശങ്കറുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യംചെയ്തതില്‍ സ്വപ്ന സുരേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന്ലഭിച്ചതായാണ് വിവരം. പ്രതികളായ സ്വപ്നയും സന്ദീപും തനിക്കെതിരെ മൊഴി നല്‍കാത്തത് ശിവശങ്കറിന് ആശ്വാസമാണ്. എന്‍.ഐ.എ കസ്റ്റഡിയിലുള്ള കെ.ടി. റമീസും ശിവശങ്കറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. മന്ത്രി ജലീലും യു.എ.ഇ കോണ്‍സുലേറ്റും സ്വപ്നയുമായുള്ള ചട്ടങ്ങള്‍ ലംഘിച്ചുള്ള ബന്ധം കണ്ടെത്താനും വിവിധ ഏജന്‍സികള്‍ ശ്രമം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ആപ്ടിലെ കസ്റ്റംസ് പരിശോധന ഇതിന്റെ ഭാഗമായിരുന്നു. കോണ്‍സുലേറ്റിന്റെ വാഹനങ്ങള്‍ ഇടയ്ക്കിടെ സി ആപ്റ്റില്‍ എത്തിയെന്നും ചില പാക്കറ്റുകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.
കോണ്‍സുലേറ്റില്‍നിന്ന് സി ആപ്റ്റില്‍ എത്തിച്ച പാഴ്സലില്‍ വിദേശത്ത് അച്ചടിച്ച മതഗ്രന്ഥമായിരുന്നെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നുണ്ട്. കോണ്‍സല്‍ ജനറലിനും അറ്റാഷെക്കും സ്വര്‍ണക്കടത്തിന് കമ്മീഷന് നല്‍കിയിരുന്നതായ പ്രതികളുടെ മൊഴിയാണ് ഇതില്‍ പ്രധാനം. തമിഴ്നാട്ടില്‍ പിടിയിലായ സ്വര്‍ണക്കടത്ത് ഏജന്റുമാരുടെ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെ നടന്നത് തിരുവനന്തപുരത്തായിരുന്നെന്നതും കോണ്‍സുലേറ്റിനെ കൂടുതല്‍ സംശയത്തിലാക്കുകയാണ്.