തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലൊമാറ്റിക് ബാഗിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ കേസിൽ നിര്‍ണ്ണായക നീക്കങ്ങളുമായി കസ്റ്റംസ്. ഉന്നത ബന്ധങ്ങളും വലിയ ആസൂത്രണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്ത് വരികയാണ്. ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ വെച്ചാണ് ജൂൺ മുപ്പതിന് നടന്ന സ്വര്‍ണ്ണക്കടത്തിന്‍റെ ആസൂത്രണം നടന്നതെന്ന വിവരമാണ് ഇപ്പോൾ കസ്റ്റംസ് പുറത്ത് വിടുന്നത്.
ജൂൺ 30 ലെ സ്വര്‍ണ്ണക്കടത്തിന്‍റെ ആസൂത്രണം നടന്നത് ശിവശങ്കറിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ്. ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് വ്യക്തമാക്കി. എന്നാൽ ശിവശങ്കറിനെ കടത്തുമായി ബന്ധിപ്പിക്കുന തെളിവില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. ശിവശങ്കർ ഇല്ലാത്തപ്പോഴും പ്രതികൾ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നു.
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിൽ നിന്ന് നടന്ന് കയറാവുന്ന ദൂരത്തുള്ള ഫ്ലാറ്റിലാണ് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ താമസിച്ചിരുന്നത്. ഇന്നലെ കസ്റ്റംസ് ഫ്ലാറ്റിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സന്ദര്‍ശക ഡയറിയും ഫ്ലാറ്റിലെ കെയർടേയ്ക്കർമാരുടെ മൊഴിയും കേസന്വേഷണത്തിന്‍റെ ഭാഗമായി വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.