കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലാണെന്ന് സൂചന. തനിക്കുള്ള ഉന്നത പോലീസ് ബന്ധം ഉപയോഗപ്പെടുത്തി വീട്ടില്‍ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് പിടിച്ചതിനുപിന്നാലെ സ്വപ്നയും സംഘവും തലസ്ഥാനത്തുനിന്ന് കടന്നിരുന്നു. ഇവര്‍ കൊച്ചിയിലേക്ക് പോയതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവരെ പിടിക്കാന്‍ പോലീസ് മിനക്കെട്ടില്ല. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് റോഡില്‍ രാവും പകലും പോലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് സ്വപ്നയും സംഘവും കടന്നത്. ഇതാണ് സംശയത്തിന് ഇടനല്‍കിയത്. സ്വപ്നയും കൂട്ടരും കൊച്ചിയിലേക്ക് കടന്നെന്ന് മാധ്യമവാര്‍ത്ത വന്നപ്പോള്‍ നഗരത്തില്‍ പേരിനൊരു പരിശോധന നടത്താന്‍ മാത്രമാണ് കൊച്ചി സിറ്റി പോലീസ് തയ്യാറായത്.
ഒരു പേടിയും കൂടാതെ ഒളിവില്‍ പാര്‍ക്കാന്‍ കഴിയുന്ന സുരക്ഷിത താവളമാണ് മോന്‍സന്റെ വീട്. അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഒരു ഈച്ചയ്ക്കുപോലും ആ വീടിന് പരിസരത്തെങ്ങും അടുക്കാനാനാവില്ല. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വന്‍ പടയും എപ്പോഴും വീടിനുമുന്നിലുണ്ടാവും. ഉന്നതങ്ങളില്‍ നിന്നുളള നിര്‍ദ്ദേശപ്രകാരം ബീറ്റ് ബോക്‌സ് അടക്കം മോന്‍സന്റെ വീടിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ സംശയം തോന്നിയാലും സാധാ പോലീസുകാര്‍ക്ക് ഇവിടേക്ക് കടന്നുവന്ന് പരിശോധന നടത്താന്‍ ധൈര്യപ്പെടില്ല. മുന്‍ ഡി.ജി.പി യോടുള്ള മോന്‍സന്റെ ബന്ധം മറനീക്കി പുറത്തുവന്നതോടെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.