കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്ന് കൊച്ചി എന്‍.ഐ.എ കോടതി. സ്വര്‍ണക്കടത്ത് നികുതി വെട്ടിപ്പ് കേസല്ലേയെന്നും കോടതി ചോദിച്ചു. കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി സംശയം ഉന്നയിച്ചത്.
രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്ത് ഭീകരവാദത്തിന്‍റെ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസില്‍ എന്‍.ഐ.എയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ ഹാജരായി. വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കേസിന്‍റെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഡയറിയിലുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. 20 തവണയായി 200 കിലോ സ്വര്‍ണമാണ് പ്രതികള്‍ കടത്തിയതെന്നും അന്വേഷണം സംഘം കോടതിയില്‍ പറഞ്ഞു.
അതേസമയം കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതുവരെ അത്തരത്തിലുള്ള ബന്ധങ്ങളൊന്നും ചൂണ്ടിക്കാണിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, കേസന്വേഷണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസ് വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് എന്‍.ഐ.എ അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. യു.എ.ഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ യു.എ.ഇയുടെ അനുമതി ആവശ്യമുള്ളതിനാല്‍ യു.എ.ഇ സര്‍ക്കാരിന്‍റെ നിലപാട് നിര്‍ണായകമാകും.