കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണകടത്ത് ക്യാരിയറെന്ന് സംശയിക്കുന്ന ഹനീഫയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഹനീഫക്കെതിരെ പോലീസ് കേസെടുക്കും. ഇയാളിൽ നിന്ന് കസ്റ്റംസിന്റെ വ്യാജ സ്ലിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വർണം കസ്റ്റംസ് പിടിച്ചെടുത്തെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹനീഫയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തുനിന്നും എയർപിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി സ്വര്‍ണ്ണക്കടത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ രാത്രി പത്തരയോടെയാണ് മുത്താമ്പി തോണിയാടത്ത് ഹനീഫയെ കാറിലെത്തിയ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകയത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഹനീഫയെ സംഘം വിട്ടയച്ചു. മര്‍ദ്ദിച്ച ശേഷം വിട്ടയച്ചെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. പുലര്‍ച്ചെ വീടിന് സമീപം തന്നെ ഹനീഫയെ കൊണ്ടു വിട്ടതായാണ് വിവരം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പരിക്കേറ്റ ഹനീഫ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ പോലീസ് മൊഴിയെടുക്കാനെത്തിയപ്പോഴേക്കും ഹനീഫ ആശുപത്രി വിട്ടു. ആറു പേരെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 13 ന് കൊയിലാണ്ടി സ്വദേശിയായ അഷ്റഫ് എന്നയാളെയും സമാന രീതിയില്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഈ കേസില്‍ മൂന്ന്പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണവും നടക്കുകയാണ്.