കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കുന്നതില്‍ കോടതി തീരുമാനം ഇന്നുണ്ടായേക്കും. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ബാഗില്‍ ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകളുണ്ടെന്നും അതിനാല്‍ എന്‍ഐഎ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നുവെന്നുമാണ് വിവരം.
സ്വര്‍ണ്ണക്കടത്ത് ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയുന്നതിനായി ബാഗ് തുറന്ന് പരിശോധിക്കാന്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ കോടതി നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ സരിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എയുടെ അപേക്ഷ കോടതി പരിഗണിക്കും.
അതേസമയം സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ പലതിലും വൈരുധ്യമുണ്ടെന്നാണ് സൂചന. മണിക്കൂറുകള്‍ നീണ്ട ഉദ്വേഗഭരിതമായ ചോദ്യം ചെയ്യലിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. തൊട്ടുപിന്നാലെ വൈകിട്ട് 5 മണിയോടെ ശിവശങ്കര്‍ സ്വന്തം വാഹനത്തില്‍ കസ്റ്റംസ് ആസ്ഥാനത്തെത്തി. സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. ഇരുവരുമായുള്ള സൗഹൃദം കള്ളക്കടത്തിന് സഹായം നല്‍കുന്നതിലേക്ക് എത്തിയോ എന്നതിലൂന്നിയായിരുന്നു ചോദ്യങ്ങള്‍.