കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷഫീഖിന് ജാമ്യം. ഷഫീഖിന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി.
രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിൽ സ്വർണ്ണവുമായി വിദേശത്ത് നിന്നും എത്തിയത് ഷെഫീഖ് ആയിരുന്നു. സ്വർണ്ണം കൊണ്ടുവന്നത് അർജ്ജുന് നൽകാൻ വേണ്ടി തന്നെയാണെന്നും വിദേശത്ത് വെച്ച് സ്വർണ്ണം കൈമാറിയവർ അർജ്ജുൻ എത്തുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്നും മൊഴി നൽകിയിരുന്നു. സ്വർണ്ണവുമായി എത്തുന്ന ദിവസം 25 ലധികം തവണ അർജ്ജുൻ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തി. ഇതെല്ലാം സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന അർജുന്റെ വാദങ്ങൾക്കെതിരായിരുന്നു.