കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍.
സ്വര്‍ണക്കടത്തു കേസിന്റെ പ്രധാന പങ്കാളി ശിവശങ്കറാണെന്ന് കഴിഞ്ഞ 10-ാം തീയതി സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വാട്‌സ് ആപ്പ് ചാറ്റ് തെളിവുകളടക്കം ഇഡി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് സ്വര്‍ണ കടത്ത് കേസില്‍ പ്രതികളായ സരിത്ത്, സ്വപ്ന എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ കോടതി അനുമതി നല്‍കി. നാളെ തന്നെ അന്വേഷണ സംഘം ഇരുവരെയും ചോദ്യം ചെയ്‌തേക്കും.
ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ സ്വപനയും സന്ദീപും ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കിയിരുന്നില്ല. അടുത്ത ദിവസത്തെ ചോദ്യം ചെയ്യലില്‍ മൊഴികള്‍ ശിവശങ്കറിനെതിരായാല്‍ കസ്റ്റംസ് ഇയാളെ വീണ്ടും ചോദ്യം ചെയ്ത് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കും. ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിക്കും.