കൊച്ചി : സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതിനിടെ കള്ളക്കടത്ത് കേസിൽ റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിൻറെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ഇന്ന് തന്നെ റമീസിനെ കസ്റ്റംസിന് വിട്ട് കൊടുക്കും. റമീസിന് നിർണായക വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇയാളുടെ നേതൃത്വത്തിൽ ആണ് സ്വർണം ഇറക്കുമതി ചെയ്യാനുള്ള പണം സമാഹരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.