തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തു കേസില്‍ കൂടുതല്‍ നടപടികളുമായി കസ്റ്റംസ്. തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ്, സ്വപ്നയുടെ ഓഫീസ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് കത്തു നല്‍കി. ഇതനുസരിച്ച് ദൃശ്യങ്ങള്‍ നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് ഡിജിപി നിര്‍ദ്ദേശിച്ചു.
കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ലെന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെ, കസ്റ്റംസ് അത്തരമൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കാണിച്ച് പോലീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള കത്ത് പോലീസ് ആസ്ഥാനത്തോ ഡിജിപിക്കോ കസ്റ്റംസ് നല്‍കിയിട്ടില്ലെന്നായിരുന്നു വാര്‍ത്താക്കുറിപ്പിലെ വിശദീകരണം. ഇതിനു പിന്നാലെയാണ് കസ്റ്റംസ് ഔദ്യോഗികമായി ഡിജിപിക്ക് കത്ത് നല്‍കിയത്.
വിമാനത്താവളത്തിലെ കാര്‍ഗോയിലേക്ക് പോകുന്ന റോഡിനിരുവശവുമുള്ള പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഏതെങ്കിലും വാഹനം ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ടോ, ഡിപ്ലോമാറ്റുകള്‍ ആരെങ്കിലും ഇതിന് അകമ്പടിയായി വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇതിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.