കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന പ്രതികളുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എന്‍ഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണ്. കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികള്‍ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.
അതേസമയം ദുബായിലുള്ള രണ്ട് പേരെ കൂടി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികള്‍ തുടരുകയാണ്. കളളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത് . ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയില്‍ വിശദീകരിച്ചു. ഹര്‍ജികള്‍ വിധി പറയാനായി മാറ്റി.