കൊച്ചി : സ്വപ്ന സുരേഷ് ഉന്നതരുടെ ബെനാമിയാണെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) സംശയിക്കുന്നു. സ്വപ്നയ്ക്കു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നതായും 2 വർഷത്തിനിടയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ നിന്നു 3 തവണ പണം കടം വാങ്ങിയെന്നും ഇഡി കണ്ടെത്തി.
സ്വപ്നയുടെ പേരിലുള്ള സംയുക്ത ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ മറ്റാർക്കോ വേണ്ടി സൂക്ഷിച്ചതാവാമെന്നാണ് ഇഡിയുടെ നിഗമനം. ഇതാരുടെതാണെന്നു കണ്ടെത്താൻ വരും ദിവസങ്ങളിൽ പല ഉന്നതരെയും ചോദ്യം ചെയ്യും. ലോക്കറിൽ വലിയ തുകയുണ്ടെന്നു സ്വപ്നയ്ക്കും ശിവശങ്കറിനും അറിയാമെങ്കിലും അതെടുക്കാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നു ശിവശങ്കർ 3 തവണ സ്വപ്നയ്ക്കു പണം നൽകി. ഈ തുക സ്വപ്ന ഇതുവരെ തിരികെ നൽകിയിട്ടില്ല. ലോക്കറിലുള്ള പണം സ്വപ്നയ്ക്കോ ശിവശങ്കറിനോ അവകാശപ്പെട്ടതാണെങ്കിൽ അവർ അതെടുക്കുമായിരുന്നുമെന്നാണ് നിഗമനം.
ബാങ്ക് ലോക്കറിൽ കണ്ടെത്തിയ തുകയും സ്വർണവും തന്റേതാണെന്ന സ്വപ്നയുടെ ആവർത്തിച്ചുള്ള മൊഴി ചില ഉന്നതരെ സംരക്ഷിക്കാനാണെന്നാണ് ഇഡിയുടെ നിലപാട്. ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണ കരാർ ലഭിച്ചതിനു യൂണിടാക് കമ്പനി നൽകിയ കമ്മിഷനാണെന്ന മൊഴി ശരിയാണെന്ന് സൂചന ലഭിച്ചെങ്കിലും ലോക്കറിൽ സൂക്ഷിച്ച തുക ആർക്കു കൈമാറാനുള്ളതാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ഇഡി അടക്കം 3 അന്വേഷണ ഏജൻസികളും നടത്തിയ ചോദ്യം ചെയ്യലുകളിൽ ലോക്കറിൽ കണ്ടെത്തിയ തുക സ്വപ്നയുടേതാണെന്നാണ് സ്വപ്നയും ശിവശങ്കറും പറഞ്ഞത്.
പക്ഷേ സാമ്പത്തിക പ്രശ്നം വന്നപ്പോൾ അതെടുക്കാഞ്ഞതെന്ത് എന്നതിനു മറുപടിയില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ മടിച്ച ഇഡി കേസ് ഡയറി സമർപ്പിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നിർമാണ കരാറിൽ 3.6 കോടി രൂപയോളം കമ്മിഷൻ ഇനത്തിൽ ലഭിച്ചതായാണ് നിഗമനം. പ്രതികൾ നടത്തിയ കള്ളപ്പണ ഇടപാടുകൾ കേസ് ഡയറി പരിശോധിക്കുമ്പോൾ കോടതിക്കു വ്യക്തമാകുമെന്നു പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.സ്വപ്നയുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും. ജാമ്യം അനുവദിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ അടക്കം സ്വാധീനമുള്ള പ്രതി തെളിവുകൾ നശിപ്പിക്കുമെന്ന് ഇഡി വാദിച്ചു.