കൊച്ചി : കൊച്ചി മെട്രോ സ്റ്റേഷനുള്ളിലെ സ്ഥലങ്ങൾ പാട്ടത്തിന് എടുക്കാൻ അവസരം ശനിയാഴ്ച വരെ. 22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം ചെയ്ത് അഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ എറണാകുളം നോർത്തിലെ ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം.
മെട്രോ നിർദ്ദേശിക്കുന്ന രീതിയിൽ 120 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കിയോസ്കുകൾ. ഒരു വ്യക്തിക്ക് നാല് കടയ്ക്കുള്ള സ്ഥലം വരെ ലേലത്തിലെടുക്കാം. സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാതരം കടകൾക്കും അനുമതിയുണ്ട്. പുത്തൻ സംരംഭകരും വ്യാപാരം വിപുലീകരിക്കാൻ പദ്ധതിയിടുന്നവർക്കും സാധ്യതകൾ ഏറെ.
ആലുവ, കമ്പനിപ്പടി, പുളിഞ്ചോട് തുടങ്ങിയ സ്റ്റേഷനുകളിൽ 26 ഓളം കിയോസ്കുകൾക്കുള്ള സ്ഥലങ്ങൾ രണ്ടാം തീയതിയിലെ ലേലത്തിൽ ബാക്കിവന്നിട്ടുണ്ട്. സ്ക്വയർ ഫീറ്റിന് 15 രൂപ മുതൽ 50 രൂപ വരെയാണ് ഇവിടെ പ്രതിമാസ വാടകയുടെ അടിസ്ഥാന നിരക്ക്. ഈ വിലയിലാണ് ലേലം തുടങ്ങുന്നത്. മത്സരം കടുത്താൽ വാടക തുക ഉയരും.
ഇടപ്പള്ളി, അമ്പാട്ടുകാവ്, പത്തടിപ്പാലം, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം സ്റ്റേഷനുകളിലെ നിരവധി കിയോസ്കുകൾക്കുള്ള സ്ഥലങ്ങൾ ഇനിയും ഏറ്റെടുക്കപ്പെട്ടില്ല. ഇടപ്പള്ളിയിൽ കിയോസ്കുകൾക്ക് 75 രൂപയാണ് അടിസ്ഥാന വില. ഇന്നലെ ലേലം നടന്ന ഇവിടങ്ങളിൽ 15 രൂപ മുതലായിരുന്നു കിയോസ്കുകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.