കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയത് എന്തിനായിരുന്നുവെന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് എന്‍.ഐ.എ. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം ശേഖരിക്കാനാണ് സ്വര്‍ണം കടത്തിയതെന്നും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നുമാണ് എന്‍.ഐ.എ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, ബുധനാഴ്ച രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രതികളുടെ ഉദ്ദേശ്യം കണ്ടെത്താനായിട്ടില്ലെന്ന് എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാര്‍ വ്യക്തമാക്കിയത്. ഹംസത് അബ്ദുല്‍ സലാം, ടി.എം. സംജു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ജാമ്യത്തെ എതിര്‍ത്ത എന്‍.ഐ.എ, അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടു.
പ്രതികളുടെ യഥാര്‍ത്ഥ ലക്ഷ്യം സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കാനുണ്ട്. അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കും. 99 ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കിയതില്‍ 22 എണ്ണത്തിന്റെ പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയാണ് ഹംസത്. ദുബൈയില്‍ സ്വര്‍ണക്കട നടത്തുന്ന മകന് സുഹൈലിന്റെ സഹായവും കള്ളക്കടത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല പണമിടപാട് കേസുകളില്‍ നേരത്തേ ഹംസത്തിനെതിരെ കസ്റ്റംസും ഇ.ഡിയും കേസ് എടുത്തിട്ടുണ്ടെന്നും എന്‍.ഐ.എ ആരോപിച്ചു. പണം നിക്ഷേപിച്ച് സംജുവും വന്‍തോതില്‍ സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, സ്വര്‍ണം കടത്തിയത് തീവ്രവാദ പ്രവര്‍ത്തനത്തിനല്ലെന്നും എന്‍.ഐ.എക്ക് ഇതില്‍ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് ഹർജി വിധി പറയാന്‍ മാറ്റി.
അതിനിടെ, മൂന്ന് പ്രതികളെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. സരിത്, കെ.ടി.റമീസ്, എ.എം. ജലാല്‍ എന്നീ പ്രതികളെയാണ് മൂന്ന് ദിവസത്തേക്ക് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. സന്ദീപ് നായര്‍ നല്കിയ മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൂടാതെ, റമീസിന്റെ ടാന്‍സാനിയ ബന്ധവും ചോദ്യം ചെയ്യാനുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്.