ഗുണമേന്മയുള്ള കൊപ്ര തയ്യാറാക്കി വിപണിയിലെത്തിച്ചാല്‍ പണം സമ്പാദിക്കാം. തേങ്ങയുടെ കാമ്പിൽ ഏകദേശം 45 മുതൽ 50 ശതമാനം വരെ ജലാംശം ഉണ്ട്. ഗുണമേന്മയുള്ള കൊപ്ര ലഭിക്കുന്നതിനും സംഭരിക്കുന്നതിനും എളുപ്പത്തിൽ എണ്ണ ലഭിക്കുന്നതിനും തേങ്ങയിലെ ജലാംശം 5-6 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്. സാധാരണരീതിയിൽ വെയിലത്തുവെച്ച് ഉണക്കുമ്പോൾ കൊപ്ര അധികസമയം തുറസ്സായ സ്ഥലത്ത് വെയ്ക്കുന്നതിനാൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും വന്നടിയുന്നത് കൊണ്ട് ഗുണമേന്മ കുറയാൻ ഇടയുണ്ട്. മഴക്കാലത്ത് തേങ്ങ വെയിലത്ത് ഉണക്കി കൊപ്രയാക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല മഴക്കാലത്തുണ്ടാകുന്ന കൊപ്രയിൽ വേഗം പൂപ്പൽ പിടിക്കുവാനും സാധ്യതയുണ്ട്. കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ ഗുണമേന്മയുള്ള കൊപ്ര തയ്യാറാക്കുന്നതിന് പരോക്ഷമായി കൂടുതൽ ചൂട് നൽകി കൊപ്ര ഉണ്ടാക്കുന്നതിന് നിരവധി ഡ്രയറുകൾ വികസിപ്പിച്ചിരിക്കുന്നു. ചെറുകിട കർഷകർക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന കൊപ്ര ഡ്രയറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
മിക്കതിലും ചിരട്ട ഇന്ധനമായി ഉപയോഗിക്കാം. ചിരട്ട കത്തുമ്പോഴുണ്ടാകുന്ന പുക കൊപ്രയിൽ നേരിട്ട് തട്ടാതെ പുറത്തേക്ക് ഘടിപ്പിച്ചിട്ടുള്ള കുഴൽ വഴി പുറത്തു പോകുന്നു. അതിനാൽ തീയും പുകയും കൊപ്രയുമായി നേരിട്ട് സമ്പർക്കത്തിൽ വരില്ല. ഇത്തരത്തിലുള്ള കൊപ്ര ഡ്രയറിൽ ഇന്ധന അറയുടെ സമീപത്തെ എത്തുന്ന വായു ചൂടുപിടിച്ച് മേല്പോട്ടു ഉയർന്നു ഡ്രൈയിങ് ചേംബറിൽ ഉള്ള തേങ്ങാമുറികളെ ഉണക്കുന്നു. ഈ രീതിയിൽ തേങ്ങ ഉണക്കാൻ 24 മണിക്കൂർ മതിയാകും.
—
കൊപ്ര ഡ്രയർ ഉപയോഗിച്ച് കൊപ്ര തയ്യാറാക്കുന്ന വിധം
1.കൊപ്ര ഡ്രയർ മഴ കൊള്ളാതെ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സ്ഥാപിക്കുക. ഡ്രയറിന്റെ പുകക്കുഴൽ ഷെഡ്ഡിന്റെ പുറത്തേക്ക് നീട്ടണം. വേനൽക്കാലത്ത് തുറസ്സായ സ്ഥലത്ത് ഡ്രയർ വെക്കാം.
—
2.തൊണ്ടു മാറ്റി തേങ്ങ രണ്ടായി ഉടച്ച ശേഷം തേങ്ങ വെള്ളം മുഴുവനായും വാർന്നു പോകുവാനായി തേങ്ങ മുറികൾ അരമണിക്കൂറെങ്കിലും കമിഴ്ത്തി വെയ്ക്കുക.
—
3.കൊപ്ര ഇടയ്ക്കിടയ്ക്ക് ഇളക്കി അടുക്കുന്നത് എല്ലാ ഭാഗത്തുമുള്ള തേങ്ങാ മുറികൾക്കും ഒരുപോലെ ചൂടു ലഭിക്കുന്നതിന് സഹായിക്കും. കൊപ്രയിലെ ജലാംശം 6% എന്ന തോതിലായി കിട്ടുവാൻ ഏകദേശം 24 മണിക്കൂർ നേരത്തേക്ക് ഉണക്കേണ്ടി വരും.
—
4.ഡ്രയറിന്റെ ചൂളയിൽ ചിരട്ടകൾ ഒന്നിനു പുറകിൽ മറ്റൊന്നായി ‘ റ’ ആകൃതിയിൽ അടുക്കി വെക്കുക. വെള്ളം വാർന്ന് പോയ ശേഷം തേങ്ങ മുറികൾ താഴത്തെ രണ്ടുനില മലർത്തിയും ബാക്കി കമിഴ്ത്തിയും ഡ്രയറിൽ അടക്കുക.