സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന പല ചിത്രങ്ങളും നമ്മെ അമ്പരപ്പിക്കാറുണ്ട്. അത് സത്യമാണോ എന്ന് നാം ഒരു നിമിഷം ആലോചിക്കും. സൂക്ഷ്മ നിരീക്ഷണത്തിൽ അത് വ്യാജ ചിത്രമാണോ എന്ന് ഒരു പരിധിവരെ മനസിലാക്കാൻ സാധിക്കും. എന്നാൽ എത്ര ചുഴിഞ്ഞ് നോക്കിയാലും പിടിതരാത്ത വ്യാജ ചിത്രങ്ങളും ധാരാളമുണ്ട്. കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ വ്യാജ ചിത്രമാണ് എന്ന് മനസിലാകുന്ന ചിത്രങ്ങൾ പോലും പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ യഥാർഥ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് നാം കാണാറുണ്ട്. അത് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ഫെയ്സ്ബുക്കാണ് പലപ്പോഴും ഇത്തരം വ്യാജചിത്രങ്ങളുടെ വിഹാരമേഖല.
എഐയും മറ്റും എത്തിയതോടെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരെ ആർക്കും നിർമിക്കാവുന്ന അവസ്ഥ വന്നു. ഇത്തരത്തിൽ നിർമിക്കപ്പെടുന്ന വ്യാജ ചിത്രങ്ങളുടെ ബലത്തിൽ വ്യാജ വാർത്തകളും വിവരങ്ങളും ഇന്ന് പരക്കുന്നുണ്ട്. ഇത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ഈ വെല്ലുവിളി നേരിടാൻ ആളുകളെ സഹായിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഓൺലൈനിൽ കാണുന്ന ചിത്രങ്ങളുടെ ഉറവിടം പരിശോധിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ‘എബൗട്ട് ദിസ് ഇമേജ്’ എന്ന ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചിത്രത്തെക്കുറിച്ചുള്ള അവശ്യ വിവരങ്ങളും പശ്ചാത്തലുമൊക്കെ ഗൂഗിൾ സെർച്ചിൽ ലഭ്യമാകുന്ന വിധത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം ഗൂഗിൾ ഈ ഫീച്ചർ അവതരിപ്പിച്ചെങ്കിലും എല്ലാവർക്കുമായി ലഭ്യമാക്കുന്നത് ഇപ്പോഴാണ്. ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കും ഇംഗ്ലീഷിൽ ഈ ഫീച്ചർ ലഭ്യമാണ് എന്ന് ഗൂഗിൾ അറിയിച്ചു. പുതിയ ഫീച്ചറിന്റെ പ്രവർത്തനം എങ്ങനെയെന്ന് ഇതാ : ഗൂഗിൾ സെർച്ചിലോ ഗൂഗിൾ ഇമേജുകളിലോ നിങ്ങൾ ഒരു ചിത്രം കാണുമ്പോൾ ചിത്രത്തിൽ ദൃശ്യമാകുന്ന ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. അവിടെ “എബൗട്ട് ദിസ് ഇമേജ് ” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് ഉപയോക്താവിന് ആ ചിത്രത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള വിവരങ്ങൾ കാണാൻ സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഇത്തരത്തിൽ ചിത്രത്തെക്കുറിച്ച് ലഭിക്കുന്ന പ്രധാന വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് ഇതാ: 1) ഇമേജ് ഹിസ്റ്ററി: ഗൂഗിൾ സെർച്ചിൽ ഈ ചിത്രമോ ഇതിനോട് സമാനമായ ചിത്രമോ ആദ്യം പ്രത്യക്ഷപ്പെട്ടത് എപ്പോഴാണ് എന്ന് കാണാൻ ഈ ഫീച്ചർ സഹായിക്കുന്നു. പ്രസ്തുത ചിത്രം ഇതിന് മുമ്പ് മറ്റ് വെബ്‌പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാം. പഴയ ഏതെങ്കിലും ചിത്രം തെറ്റായ രീതിയിൽ ഒരു പുതിയ സംഭവത്തോട് ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കണ്ടെത്താൻ ഈ ഫീച്ചർ ഏറെ ഉപയോഗപ്രദമാണ്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ പലപ്പോഴും സംഭവിക്കാറുള്ള കാര്യമാണ്.
2) മറ്റ് സൈറ്റുകളിൽ അവ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു : വ്യാജമാണ് എന്ന് നമ്മൾ അന്വേഷിക്കുന്ന ചിത്രം, അല്ലെങ്കിൽ കൂടുതൽ അറിയാനായി നാം അന്വേഷണത്തിന് വിധേയമാക്കിയിരിക്കുന്ന ചിത്രം മറ്റ് വെബ് പേജുകൾ എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാൻ ഈ ഫീച്ചർ സഹായിക്കും. ഈ ചിത്രത്തെപ്പറ്റി അവർ നൽകുന്ന വിശദീകരണം അതുവഴി മനസിലാക്കാൻ സാധിക്കും. വാർത്തകളിൽ നിന്നുള്ള വിവരങ്ങളും ഫാക്ട് ചെക്ക് സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഒരു ചിത്രത്തെക്കുറിച്ചുള്ള ക്ലെയിമുകൾ വിലയിരുത്താനും മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള തെളിവുകളും കാഴ്ചപ്പാടുകളും കാണാനും ഈ ഫീച്ചർ സഹായിക്കുന്നു.
3) ചിത്രത്തിന്റെ മെറ്റാഡാറ്റ : ഒരു ചിത്രത്തിലേക്ക് അതിന്റെ സ്രഷ്‌ടാക്കളോ പ്രസാധകരോ ചേർത്ത അധിക വിവരങ്ങൾ മെറ്റ ഡാറ്റ പരിശോധിച്ചാൽ അറിയാൻ കഴിയും. ചിത്രം AI സഹായത്താൽ സൃഷ്‌ടിച്ചതാണോ അല്ലെങ്കിൽ പരിഷ്‌കരിച്ചതാണോ എന്ന് സൂചിപ്പിക്കുന്ന വിശദാംശങ്ങൾ ചിത്രത്തിന്റെ മെറ്റ ഡാറ്റയിൽ ഉൾപ്പെടുന്നു. ഇപ്പോൾ ഇസ്രയേൽ- ഹമാസ് യുദ്ധം നടക്കുന്നതിനിടയിൽ യുദ്ധ ചിത്രങ്ങൾ എന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ‘എബൗട്ട് ദിസ് ഇമേജ്’ ഏറെ സഹായകമാകും.