സ്മാർട്ട് ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് ക്യാമറ ഫീച്ചറുകൾ. മൊബൈൽ ഫോണുകളിൽ ക്യാമറകൾ കൊണ്ടുവന്നത് തന്നെ ടെക് ലോകത്തിലെ വിപ്ലവകരമായ കണ്ടെത്തലുകളിൽ ഒന്നായിരുന്നു. പല തരത്തിലുള്ള ക്യാമറ ഫീച്ചറുകളാണ് ഓരോ സ്മാർട്ട് ഫോണുകളും വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകൾ നൽകുന്നത് സാംസങ് ഗാലക്സി എസ്23 അൾട്ര, ആപ്പിൾ 15 സീരീസ്, ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകൾ എന്നിവയെല്ലാമാണ്. ഈ പ്രീമീയം ഫോണുകൾ വാങ്ങാനായി എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കും ആഗ്രഹം ഉണ്ടെങ്കിലും ഇവയുടെ ഉയർന്ന വില സാധാരണക്കാരായ ഉപയോക്താക്കളെ ഈ ആഗ്രത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
എന്നാൽ സാധാരണക്കാരായ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരു സന്തോഷ വാർത്തയുമായിട്ടാണ് ഇപ്പോൾ ഗൂഗിൾ എത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകളിലെ ക്യാമറ ഫീച്ചറുകളിൽ ചിലത് സാധാരണക്കാരായ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇനി മുതൽ ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും. ഗൂഗിൾ ക്യാമറ ആപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് പിക്സൽ 8 സീരീസ് ഫോണിന്റെ ചില ക്യാമറ ഫീച്ചറുകൾ ചേർത്തിരിക്കുന്നത്. അതായത് ഈ ആപ്പ് ഉപയോഗിക്കുന്ന എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ഇനിമുതൽ ആസ്വദിക്കാം. ആപ്പിന്റെ പുതിയ വേർഷൻ 9.2 ലാണ് പുതിയ ഫീച്ചറുകൾ ഗൂഗിൾ ചേർത്തിരിക്കുന്നത്. നിലവിൽ പിക്സൽ 8ലെ ഗൂഗിൾ ക്യാമറ വേർഷൻ 9.1 ആണ് മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ ഇത് 9.0 ആണ്. എന്നാൽ 9.2 അപ്ഡേറ്റ് വന്നതിന് ശേഷം ഇത് അപ്ഡേറ്റ് ചെയ്യുന്ന എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും പ്രത്യേക ഫീച്ചറുകൾ ലഭ്യമാകുന്നതായിരിക്കും. നിലവിൽ ഏറ്റവും മികച്ച ക്യാമറ ഫോണുകളിൽ ഒന്നാണ് ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകൾ.
അതേ സമയം ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ എന്തെല്ലാം മാറ്റങ്ങളാണ് ഗൂഗിൾ കൊണ്ടുവന്നിരിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ആപ്പിലെ ബ്രൈറ്റ്‌നസ്, ഷാഡോ, വൈറ്റ് ബാലൻസ് നിയന്ത്രണങ്ങൾ എന്നിവ വ്യൂഫൈൻഡറിന്റെ അടുത്ത് നിന്ന് മാറ്റി താഴെ വലതുവശത്തായി ആണ് നൽകിയിരിക്കുന്നത്. ആപ്പിലെ മുൻഗണന ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന പാനലിന്റെ സ്ഥാനവും പുതിയ അപ്ഡേറ്റിൽ മാറ്റിയിട്ടുണ്ട്. വ്യൂഫൈന്റഡിൽ നിന്ന് സ്വൈപ് ചെയ്ത് ഇപ്പോൾ ഈ പാനലിലേക്ക് ആക്സസ് നേടാവുന്നതാണ്. നേരത്തെ ഇത് ആപ്പിന്റെ മുകളിൽ ആയിരുന്നു. പ്രധാനമായും ഫ്ലാഷ്, ടോപ്പ് ഷോട്ട്, ടൈമർ, റേഷ്യോ മുതലായ ഫീച്ചറുകളാണ് ഈ പാനലിൽ സ്ഥിതി ചെയ്യുന്നത്. അതേ സമയം ഗൂഗിൾ പികസൽ 8ന്റെ എന്ത് സവിശേഷതയാണ് ആപ്പിൽ കൊണ്ടുവന്നിരിക്കുന്നത് എന്ന് പരിശോധിക്കാം. പുതിയ ഫോണിൽ ഗൂഗിൾ നൽകിയിരിക്കുന്ന അൾട്രാ എച്ച്ഡിആർ ഫീച്ചർ ആണ് ആപ്ഡേറ്റ് വഴി ആപ്പിൽ പുതിയതായി ചേർത്തിരിക്കുന്നത്. മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ഫീച്ചൽ ഉപയോക്താക്കളെ സഹായിക്കുന്നു.
ക്യാമറയുടെ ടൈമറിന്റെ പ്രവർത്തനത്തിലും ഗൂഗിൾ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ 3 സെക്കന്റ്, 10 സെക്കന്റ് സമയം മാത്രമേ ടൈം സെറ്റ് ചെയ്യാൻ സാധിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ഇഷ്ടാനുസരണം ടൈം സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. അതേ സമയം ഗൂഗിൾ പിക്സൽ 8ൽ ലഭിക്കുന്ന എല്ലാ ഫീച്ചറും ഈ അപ്ഡേറ്റ് വഴി ലഭിക്കും എന്ന് തെറ്റിദ്ധരിക്കരുത്. പിക്സൽ ഫോണുകൾക്ക് മാത്രമായുള്ള ചില സവിശേഷതകൾ നിരവധിയുണ്ട്. ഉദാഹരണത്തിന് ഗൂഗിൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച എഐ അസിസ്റ്റന്റ് ജെമിനിയുടെ സേവനം ഇപ്പോൾ പിക്സൽ 8 സീരീസ് ഫോണുകളിൽ ലഭിക്കുന്നതാണ്. ജെമിനിയുടെ നാനോ പതിപ്പാണ് പിക്സൽ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത്. മാത്രമല്ല ക്യാമറയിലും ചില എഐ ഫീച്ചറുകൾ ഗൂഗിൾ നൽകിയിട്ടുണ്ട്. വീഡിയോ എടുക്കുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ ബാഗ്രൗണ്ട് ശബ്ദങ്ങൾ നിശബ്ദമാക്കാനും പിക്സൽ 8ൽ സാധിക്കുന്നതാണ്.