ഓണ്‍ലൈനില്‍ പണം അയക്കാത്തവര്‍ ഇന്ന് ഉണ്ടാവില്ല. ലോകത്തെ നല്ലൊരു വിഭാഗം ആളുകളും യുപിഐ ഐഡി ഇടപാടുകള്‍ക്കായി ഉപയോഗിക്കാറുണ്ടാവും. അതിവേഗം പണം അയക്കാന്‍ സാധിക്കും എന്നതാണ് ഇതിനുള്ള സൗകര്യം. എന്നാല്‍ യൂനിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് യുപിഐ ഇടപാടുകളെ മൊത്തം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുപിഐ ആപ്പുകളുടെ മറവിലും ധാരാളം തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കാനായി പുതിയ സംവിധാനത്തിന് രൂപം നൽകിക്കൊണ്ടിരിക്കുകയാണ് സർക്കാർ. ഇത് പ്രകാരം ഇനി മുതൽ രണ്ട് വ്യക്തികൾ ആദ്യമായി യുപിഐ ആപ്പുകളുടെ സഹായത്താൽ പണമിടപാട് നടത്തുമ്പോൾ ഒരു അക്കൗണ്ടിൽ നിന്ന് അയച്ച പണം മറ്റേ അക്കൗണ്ടിൽ കയറാനായി ഏകദേശം നാല് മണിക്കൂറോളം എടുത്തേക്കാം.
2,000 രൂപയ്ക്ക് മുകളിലുള്ള ആദ്യ പേയ്മെന്റിൽ ആയിരിക്കും ഇത്തരത്തിൽ കാലതാമസം നേരിടുക. ആദ്യമായി അയയ്ക്കുമ്പോൾ മാത്രമായിരിക്കും ഈ കാലമാസം നേരിടുക എന്നും പിന്നീടുള്ള ഇടപാടുകളെല്ലാം സാധാരണ ഗതിയിൽ തന്നെ ആയിരിക്കുംമെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേ സമയം എന്നു മുതൽ ഈ മാറ്റം കൊണ്ടുവരും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഒരു പുതിയ യുപിഐ അക്കൗണ്ട് ആരംഭിക്കുമ്പോൾ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ പരമാവധി 5000 രൂപ വരെയാണ് അയയ്ക്കാൻ സാധിക്കുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് ട്രാൻസാഷനുകൾ ഈ ആപ്പ് അനുവദിക്കു. പുതിയ മാറ്റം വന്നു കഴിഞ്ഞാൽ ആരംഭത്തിൽ അൽപം ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും സുരക്ഷിതമായി പണം സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ചില ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ ഈ രീതി പിന്തുടരുന്നുണ്ട്. രണ്ട് യൂസര്‍മാര്‍ തമ്മിലുള്ള ആദ്യ ഇടപാടുകളെ കൃത്യമായി നിരീക്ഷിക്കുകയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചെയ്യുന്നത്.