കാഞ്ഞിരപ്പള്ളി : നാടുകടത്തിയ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പുത്തന്‍വിളയില്‍ മനു മോഹനനെ (30) ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു. നിലവില്‍ ഇയാളെ കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികളെ കണ്ടെത്തുകയും അത്തരം പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് അവരുടെ ജാമ്യം റദ്ദുചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവമേല്‍പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക, ആക്രമിച്ച് പരിക്കേല്‍പിക്കുക, വധശ്രമം, സ്ത്രീകളെ അപമാനിക്കുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം ജില്ലയില്‍നിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു.
നിരന്തരം കുറ്റവാളിയായ മനു മോഹനന്റെ നിലവിലെ ജാമ്യം റദ്ദ് ചെയ്യുന്നതിന് കോടതിയില്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തു. തുടര്‍ന്ന് ഇയാളെ ഇടുക്കി പെട്ടിമുടിയില്‍നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി കുര്യന്‍ എ.എസ്.ഐ പി.പി സുനില്‍, സി.പി.ഒമാരായ ബോബി, സുധീഷ്, സതീഷ് ചന്ദ്രന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.