എറണാകുളം : ആലുവയിലെ പുളിഞോടിലെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഹോട്ടലിലെ ഫര്‍ണിച്ചറുകളും കാശ് കൗണ്ടറും അടിച്ചുതകര്‍ത്ത സംഘം ഉടമയേയും ആക്രമിച്ചു. കൈക്കും തലക്കും സാരമായി പരുക്കേറ്റ ഹോട്ടല്‍ ഉടമ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരക്ക് ശേഷമാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം വാങ്ങി പൈസ നല്‍കാതെ പോയത് സംബന്ധിച്ച് ഇവരുമായി തര്‍ക്കമുണ്ടായിരുന്നു എന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്.
കാറിലെത്തി പാഴ്സല്‍ ആവശ്യപ്പെടുകയും കാശ് നല്‍കാതെ പോകുകയുമായിരുന്നു. എന്നാല്‍ ഇന്നലെ അതേ ആളുകള്‍ വീണ്ടും വന്ന് പാഴ്സല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൗണ്ടറില്‍ വന്ന് പാഴ്സല്‍ വാങ്ങാന്‍ പറഞ്ഞെന്നും ഹോട്ടല്‍ ഉടമകളിലൊരാള്‍ പറഞ്ഞു. അതിന് ശേഷം പൈസ ഗൂഗിള്‍പേ ആയി നല്‍കുകയും ചെയ്തു. അവര്‍ പോയി കുറച്ച് സമയത്തിന് ശേഷമാണ് മുഖം മൂടി ധരിച്ച് എത്തിയവര്‍ ആക്രമണം നടത്തിയതെന്നും ജീവനക്കാര്‍ പറയുന്നു. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.