ലഖ്നൗ: വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ‘മാഫിയ രാജ്’ ഇല്ലെന്നും അഭിമാനത്തോടെ കറങ്ങിനടന്ന ഗുണ്ടകള്‍ ഇപ്പോള്‍ കഴുത്തില്‍ പ്ലക്കാര്‍ഡുകളുമായി ദയയ്ക്കായി കേഴുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മേയ് 4, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, മൊറാദാബാദില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിജെപി സര്‍ക്കാര്‍ പ്രീണനത്തേക്കാള്‍ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 60 വര്‍ഷം കൊണ്ട് പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയാത്തത് മോദി സര്‍ക്കാര്‍ 9 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയെന്നും യോഗി അഭിപ്രായപ്പെട്ടു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആയുഷ്മാന്റെ കീഴിലാണ് സൗജന്യ ചികിത്സ നടത്തുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിരാലംബര്‍ക്കും ദരിദ്രര്‍ക്കും അശരണര്‍ക്കും വീടുകള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.