തിരുവനന്തപുരം : ഭിന്നശേഷിക്കാരെയും സമൂഹത്തിൻ്റെ പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെയും ചേർത്തുപിടിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി ആർ ബിന്ദു. ആർപിഡബ്ല്യൂഡി ആക്ട് 2016 (The Rights of Persons With Disabilities Act, 2016 -RPWD Act) ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് കൊണ്ടും RPWD ആക്ട് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായും വിവിധ തരത്തിലുള്ള പദ്ധതികളും പ്രവർത്തനങ്ങളും സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. സി കെ ആശ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനു വേണ്ടി പുനരധിവാസം, ആരോഗ്യം, സ്വയംതൊഴിൽ, വിദ്യാഭ്യാസം, തൊഴിൽ സംവരണം എന്നീ മേഖലകളിൽ സാമൂഹ്യനീതി വകുപ്പ് മുഖേന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.
സ്റ്റേറ്റ് ഇനിഷിയേറ്റീവ് ഓൺ ഡിസബിലിറ്റീസ് മുഖേന പ്രീ സ്‌കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് അനുയോജ്യമായ പരിശീലനവും പരിചരണവും നൽകി പരമാവധി കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ അങ്കണവാടികൾ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അക്കാദമിക പരിശീലനത്തോടൊപ്പം തെറാപ്പികൾ, നൈപുണ്യ വികസനം തുടങ്ങിയവ ലഭ്യമാക്കുന്നതിനുള്ള മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകൾ; റീജിയണൽ ഓട്ടിസം റിഹാബിലിറ്റേഷൻ സെന്ററുകൾ, ചൈൽഡ് ഡെവലപ്മെൻ്റ് റിസർച്ച് സെൻ്റർ, ഓട്ടിസം സ്ക്രീനിംഗ്, ആധുനിക തെറാപ്പി സൗകര്യങ്ങൾ, ഓട്ടിസം മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും, രക്ഷിതാക്കൾക്കും ഡോക്ടർമാർക്കുമുള്ള വിദഗ്‌ധ പരിശീലനം, നൈപുണ്യവികസനം തുടങ്ങിയവ നടപ്പിലാക്കുന്ന സ്പെക്ട്രം (SPECTRUM) പദ്ധതി എന്നിവ നടപ്പിലാക്കി വരുന്നു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മഞ്ചേരി, മെഡിക്കൽ കോളേജുകളിലും, കോഴിക്കോട് NIMHANSലും ഓട്ടിസം സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. ഘട്ടംഘട്ടമായി എല്ലാ മെഡിക്കൽ കോളേജുകളിലും ഓട്ടിസം സെൻ്ററുകൾ സ്ഥാപിക്കും. ഓട്ടിസം സംശയിക്കുന്ന മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആധുനികവും ശാസ്ത്രീയവും ആയ ഇടപെടലുകളിലൂടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ പ്രത്യേകമായി ലഭ്യമാക്കുന്നതിനും, ഓട്ടിസം മേഖലയിലെ പഠന ഗവേഷണങ്ങൾ നടത്തുന്നതിനുമായി തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻ്റ് റിഹാബിലിറ്റേഷനിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ചൈൽഡ് ഡവലപ്പ്മെൻ്റ് ആന്റ്റ് റിസർച്ച് സെൻ്റർ പ്രവർത്തിക്കുന്നുണ്ട്.
സർക്കാർ അധികാരത്തിൽ വന്നശേഷം ഉൾച്ചേർക്കൽ വിദ്യാഭ്യാസമെന്ന നയത്തിലൂന്നി ആരംഭിച്ച പദ്ധതികളിൽ ഒന്നാണ് മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതി. 84 സ്‌കൂളുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്കൂളുകളിൽ ഇത്തരം കുട്ടികൾക്ക് വേണ്ട സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതിന് പുറമേ വിവിധ പരിശീലനങ്ങൾ, തെറാപ്പി സൌകര്യം വർദ്ധിപ്പിക്കുക എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന എൻ.ജി. കുളുടെ കീഴിലെ സ്കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ, ഡിഡിആർഎസ് ഗ്രാൻ്റ് ലഭിക്കുന്ന സ്കൂളുകൾ എന്നിവയ്ക്ക് 2019-20 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനപിന്തുണയ്ക്കായി വിവിധ സമഗ്ര ശിക്ഷ കേരളം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.