റാന്നി : ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി തല്‍സ്ഥാനത്ത് സിപിഎം അനുഭാവികളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍. കോൺഗ്രസ് പഴവങ്ങാടി ടൗൺ & വെസ്റ്റ് കമ്മിറ്റികൾ സംഘടിപ്പിച്ച സർക്കുലർ കത്തിച്ചുള്ള പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവ്, മുടങ്ങിക്കിടക്കുന്ന തുച്ഛമായ ഓണറേറിയവും ഇന്‍സെന്റീവും നല്‍കുക, വിമരമിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാമെന്ന് കരുതണ്ട. ആ നടപടിയെ എന്തുവില കൊടുത്തും കോണ്‍ഗ്രസ് ചെറുക്കും.
പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ശമ്പള വര്‍ധനവും ഡല്‍ഹിയിലെ കേരള പ്രതിനിധിക്ക് വാര്‍ഷിക യാത്രാ ബത്തയും വര്‍ധിപ്പിച്ച സര്‍ക്കാര്‍ അതിജീവന സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ജീവിതച്ചെലവ് വര്‍ധിച്ച ഈ സാഹചര്യത്തില്‍ 7000 രൂപ ഓണറേറിയത്തിന് എങ്ങനെയാണ് ഒരു കുടുംബം പലരുക എന്ന ചോദ്യമാണ് ആശാവര്‍ക്കര്‍മാര്‍ ഉയര്‍ത്തുന്നത്. ന്യായമായ ഈ ചോദ്യത്തിന് ഉത്തരം നാല്‍കാതെയും ആശാവര്‍ക്കര്‍മാരുടെ സമരത്തിന് രമ്യമായ പരിഹാരം കാണാതെയുമാണ് അവരെ സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി ഭീഷണിപ്പെടുത്തുന്നത്. അവരോട് ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്തത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. സി. കെ. ബാലൻ, തോമസ് ഫിലിപ്പ്, ജെസ്സി അലക്സ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, റൂബി കോശി, ഷേർളി ജോർജ്, ബെന്നി മാടത്തുംപടി, ചാക്കോ വളയനാട്ട്, ജോൺ എബ്രഹാം, ബിനോജ് ചിറയ്ക്കൽ, റെഞ്ചി പതാലിൽ, ഉഷ തോമസ്, ജോസഫ് കാക്കാനംപള്ളിൽ, അനിൽകുമാർ പി. വി, റെജി ഉപ്പിടുംപ്പാറ, ഷാജി കരികുളം, ബിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.