പത്തനംതിട്ട : മാസാരംഭത്തിലെ തിയതികളിൽ ലഭിക്കേണ്ട ശമ്പളം ചരിത്രത്തിൽ ആദ്യമായി നൽകാതെ ജീവനക്കാരെ വഞ്ചിച്ച സർക്കാർ നിലപാടിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ഒരു മാസം ജോലി ചെയ്തതിന് ശേഷം ശമ്പളം നൽകാൻ കഴിയില്ലെന്ന് പറയുന്ന സർക്കാർ നിലപാട് അംഗീകരിക്കുവാൻ കഴിയില്ല. പി എസ് സി അടക്കമുള്ളവയിൽ നടക്കുന്ന അനധികൃത ഇടപെടലുകൾമൂലം റാങ്ക് ലിസ്റ്റുകൾ അട്ടിമറിക്കപ്പെടുന്ന വാർത്തകൾ ദിവസേന വന്നുകൊണ്ടിരിക്കുകയാണ്. ജീവനക്കാരെയും പരീക്ഷയെഴുതി സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവരെയും ഒരുപോലെ വഞ്ചിക്കുന്ന സർക്കാർ സിവിൽ സർവ്വീസിൻ്റെ ചരമഗീതം രചിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാനം ചെയ്തുകൊണ്ട് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ പറഞ്ഞു.
ജീവനക്കാരുടെ തടഞ്ഞ് വെച്ചിരിക്കുന്ന ശബളം ലഭിക്കുന്നത് വരെ ശക്തമായ സമരപരിപാടികൾ തുടരുന്നതാണെന്നും അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുളസീരാധ എം വി , സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി ജയകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡി ഗീത ,വിഷ്ണു സലിം കുമാർ, നൗഫൽ ഖാൻ, ദിലീപ് ഖാൻ, പിക്കു വി സൈമൺ , ദർശൻ ഡി കുമാർ, ഷാജൻ കെ, സോഫി കെ തമ്പാൻ, രാജേഷ് ആർ , ജുഫാലി മുഹമ്മദ്, ഷീബ ജി നായർ എന്നിവർ പ്രസംഗിച്ചു.