ന്യൂഡൽഹി : മനുഷ്യജീവൻ സംരക്ഷിക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതിയുടെ വിമർശനം. സ്ഥിതി മോശമാണ്. ഒരാശുപത്രിക്കിടക്കയ്ക്കു വേണ്ടി നൂറുകണക്കിന് രോഗികൾ ക്യൂവിൽ നിൽക്കുന്ന അവസ്ഥ. ആംബുലൻസിനായി ആളുകൾ കേഴുന്നു. സർക്കാരിന്റെ പൂർണ പരാജയമാണ് കാരണമെന്നും ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
ഇപ്പോഴത്തേത് വെറും പോരാട്ടമല്ലെന്നും യുദ്ധം തന്നെയാണെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഓക്സിജൻ വിതരണ കമ്പനികളോട് കോടതി പറഞ്ഞു. ദിവസവും ഓക്സിജൻ നൽകുന്നുണ്ടെന്നാണ് കമ്പനികൾ കോടതിയെ അറിയിച്ചത്. ഓക്സിജൻ വിതരണ കമ്പനികൾക്കു നേരത്തെ കോടതി നോട്ടിസ് അയച്ചിരുന്നു.
കരിഞ്ചന്തയിൽ പിടിച്ചെടുത്തതാണെങ്കിലും 170 ഓക്സിജൻ സിലിണ്ടറുകൾ അടിയന്തരമായി വിട്ടുനൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. പിടിച്ചെടുത്ത സിലിണ്ടറുകൾ പോലീസ് കസ്റ്റഡിയിലാണെന്നും നടപടികൾ വേഗം പൂർത്തിയാക്കി ഇതു ലഭ്യമാക്കുന്നത് ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഉൾപ്പെടെ സഹായമായി ലഭ്യമാക്കാൻ താൽപര്യമുള്ള വിദേശത്തെ സംഘടനകൾക്കും വ്യക്തികൾക്കും ബന്ധപ്പെടാൻ കഴിയുംവിധം പോർട്ടൽ സജ്ജമാക്കാനും ഡൽഹി സർക്കാരിനോട് കോടതി നിർദേശിച്ചു.