പത്തനംതിട്ട : പരിഹരിക്കപ്പെടേണ്ട ഓരോ വിഷയങ്ങളിലും എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന കോമളം പാലം പുനര്‍നിര്‍മിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം പാലത്തിനു സമീപം കല്ലൂപ്പാറകരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോമളം പാലത്തിന്റെ നിര്‍മാണം നിശ്ചയിച്ച കാലാവധിയില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടും. പാലത്തിന്റെ നിര്‍മാണ പുരോഗതി സംബന്ധിച്ച പരിശോധന എല്ലാ മാസവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മന്ത്രി നടത്തും.
2021 ലെ പ്രകൃതിക്ഷോഭത്തില്‍ കോമളം പാലത്തിന്റെ തൂണുകള്‍ക്കും അടിത്തറയ്ക്കും ബലക്ഷയം സംഭവിച്ചതിനാല്‍ പുതിയൊരു പാലം തന്നെയാണ് ശാശ്വത പരിഹാരം എന്ന് ശാസ്ത്രീയമായ വിലയിരുത്തലില്‍ മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ജനങ്ങളുടെ പ്രയാസം മനസിലാക്കി കോമളം പാലം വിഷയത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും നിരന്തരമായി ഇടപെട്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് നിശ്ചയിച്ചിരുന്നു. കൂട്ടായ ശ്രമത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ 50 പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. നൂറിലധികം പാലങ്ങളുടെ നിര്‍മാണം അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എല്ലാവരെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനസാന്ദ്രത നിറഞ്ഞ കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനാണ് ദേശീയപാത വികസനം, മലയോരപാത, തീരദേശ ഹൈവേ എന്നീ പ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുള്ളത്.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാതയായി വികസിപ്പിക്കുന്നത് 2025ല്‍ പൂര്‍ത്തീകരിക്കും. കാര്‍ഷിക, ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമായി മാറുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഭാവി കേരളത്തെ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരത്തിന് അനുസൃതമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകളിലൂടെയും വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണ്.
തിരുവല്ല നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം ബിഎംബിസി നിര്‍മാണ രീതിയിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നു. മണ്ഡലത്തിലെ 67 കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ തക്കവണ്ണം പാലം നിര്‍മിക്കണമെന്ന നിര്‍ബന്ധം സര്‍ക്കാരിന് ഉള്ളതിനാലാണ് പുതിയ പാലത്തിലേക്ക് നീങ്ങാനായതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.
കോമളത്ത് പുതിയ പാലം ആവശ്യമാണെന്ന് സാങ്കേതികമായി കണ്ടെത്തിയതിനെ തുടര്‍ന്ന് 12 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ആദ്യ രണ്ടുവട്ടവും ടെന്‍ഡര്‍ നടപടികളില്‍ ആരും പങ്കെടുത്തില്ല. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധനയെങ്കിലും 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാം എന്ന വാക്ക് മൂന്നാമത് ടെന്‍ഡറില്‍ പങ്കെടുത്ത് കരാര്‍ നേടിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നല്‍കിയിട്ടുണ്ട്. പാലത്തിന്റെ ആവശ്യവുമായി ഓരോ ഘട്ടത്തിലും പൊതുമരാമത്ത് മന്ത്രിയെ സമീപിക്കുമ്പോള്‍ ശ്രദ്ധയോടുകൂടിയ ഇടപ്പെടല്‍ വിഷയത്തില്‍ ഉണ്ടായെന്നും എംഎല്‍എ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആലപ്പുഴ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി. ഐ നസീം, സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുതായി നിര്‍മിക്കുന്ന പാലത്തിന് കോമളം കരയില്‍ 13.325 മീറ്റര്‍ നീളമുള്ള ഒരു ലാന്‍ഡ് സ്പാനും തുരുത്തിക്കാട് കരയില്‍ 13.325 മീറ്ററും 12.5 മീറ്ററും നീളമുള്ള ഓരോ ലാന്‍ഡ് സ്പാനുകളുമാണ് ഉള്ളത്. കൂടാതെ നദിയില്‍ 32 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനും 30.725 മീറ്റര്‍ നീളത്തില്‍ രണ്ടു സ്പാനും ഉള്‍പ്പെടെ ആകെ ആറു സ്പാനുകളിലായി പാലത്തിന് ആകെ 132.6 മീറ്റര്‍ നീളമുണ്ട്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷനായും സൂപ്പര്‍ സ്ട്രക്ചര്‍ പോസ്റ്റ് ടെന്‍ഷന്‍ഡ് പിഎസ് സി ഗര്‍ഡര്‍ ആന്‍ഡ് സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ചറുമായാണ് നിര്‍മിക്കുന്നത്.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സലടീച്ചര്‍, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യൂ, രാജി പി രാജപ്പന്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, വിവിധ ഗ്രാമ പഞ്ചായത്ത്അംഗങ്ങളായ കെ.ബി. രശ്മിമോള്‍, കെ.ബി. രാമചന്ദ്രന്‍, ദക്ഷിണമേഖല പാലം വിഭാഗം, ആലപ്പുഴ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദീപ്തി ഭാനു, സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റും ഓട്ടോകാസ്റ്റ് ചെയര്‍മാനുമായ അലക്സ് കണ്ണമല, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033