തിരുവനന്തപുരം : ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം 2020 ലാണ് ലഭ്യമായത്. ഉത്തരവ് 2020 സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല. ഇതാണ് സമരത്തിലേക്ക് നീങ്ങാനുള്ള പ്രധാന കാരണം.
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെന്ന പരാതിയും ഇവർക്കുണ്ട്. മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്ന് കെജിഎംസിടിഎ പറയുന്നു. സർക്കാരിന്റെ അവഗണനക്കെതിരെ നവംബർ 9 ന് എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് അധ്യാപകർ പ്രതിഷേധജാഥയും ഓഫീസുകൾക്ക് മുൻപിൽ ധർണയും നടത്തും.