തിരുവനന്തപുരം : ഗവർണ്ണർക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. പ്രമേയം ഭരണഘടന പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
പൗരത്വ നിയമഭേദഗതിയിലുൾപ്പടെയുളള വിഷയങ്ങളിൽ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം നിയമസഭയിലവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. പ്രമേയത്തിന് സർക്കാർ പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷ നീക്കത്തെ അനുകൂലിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പ്രമേയം പാസായാൽ സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
പ്രമേയത്തെ അനുകൂലിക്കില്ലെന്ന് ചീഫ് സെക്രട്ടറി ഗവർണ്ണറെ അറിയിച്ചതായാണ് വിവരം. വെളളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലും സർക്കാർ ഇതേ നിലപാട് സ്വീകരിക്കും. പ്രതിപക്ഷ പ്രമേയത്തിനെതിരെ നേരത്തെ തന്നെ സർക്കാരും ഇടതുമുന്നണിയും രംഗത്ത് വന്നിരുന്നു. കലക്കവെളളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നായിരുന്നു നിയമമന്ത്രി എ.കെ ബാലന്റെ പ്രതികരണം. ഭരണഘടനയെ ബഹുമാനിക്കുന്ന നിലപാടാണ് ഇടതുമുന്നണിയുടേതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.