തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ തുടങ്ങുന്ന ഓൺലൈൻ സംവാദ പരിപാടി ഇന്ന് മുതൽ. ‘കേരള ഡയലോഗ്’ എന്ന സംവാദ പരിപാടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ സംപ്രേഷണം ചെയ്യും. ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ എൻ. റാം, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ എന്നിവരാണ് മോഡറേറ്റർമാർ.
അതേസമയം 2018 ലെ പ്രളയത്തിന് ശേഷം സംസ്ഥാന സർക്കാരുമായി സഹകരിച്ച രാജ്യാന്തര ഏജൻസിയായ കെപിഎംജിക്ക് റിബിൾഡ് കേരളയുടെ കണ്‍സൾട്ടൻസി കരാർ സംസ്ഥാന സർക്കാർ നൽകിയിരുന്നു. 13 കമ്പനികളെ പിന്തള്ളിയാണ് 6.82 കോടിക്ക് കെപിഎംജി കരാർ നേടിയത്. 24 മാസമാണ് കരാർ കാലാവധി. കെപിഎംജിയുടെ സൗജന്യ സേവനം സംബന്ധിച്ച് ഉയർത്തിയ ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ് കരാറെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 6.82 കോടി രൂപയ്ക്ക് കരാർ നൽകിയതിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെപിഎംജിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് പുതിയ കരാറെന്നും ചെന്നിത്തല വിമർശിച്ചു.
എന്നാൽ സുതാര്യമായ നടപടികളിലൂടെയാണ് കരാർ നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രളയ ശേഷം കെപിഎംജിയുമായുള്ള സഹകരണം വിവാദമായിരുന്നു. നേരത്തെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കാന്‍ കെപിഎംജിയുടെ സൗജന്യ സേവനം കേരള സര്‍ക്കാരിന് ലഭിച്ചിരുന്നു. കെപിഎംജിയുമായി വീണ്ടും സഹകരിക്കുന്നത് പുതിയ വിവാദത്തിലേക്ക് വഴിതെളിക്കുകയാണ്.