തിരുവനന്തപുരം: കെട്ടിടനിർമാണ വ്യവസ്ഥകളിലടക്കം ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. നിർമാണ പെർമിറ്റിന്റെ കാലാവധി 15 വർഷംവരെ നീട്ടിനൽകും. നിർമാണം നടക്കുന്ന പ്ലോട്ടിൽത്തന്നെ ആവശ്യമായ പാർക്കിങ് ഒരുക്കണമെന്നതിലാണ് മറ്റൊരു ഇളവ്കെട്ടിടം നിർമിക്കുന്ന പ്ലോട്ടിൽത്തന്നെ പാർക്കിങ് ഒരുക്കണമെന്നതിലെ മാറ്റം വാണിജ്യവ്യാപാര സ്ഥാപനങ്ങൾക്ക് ഗുണകരമാണ്. 25 ശതമാനം പാർക്കിങ് കെട്ടിടമുള്ള സ്ഥലത്തുതന്നെ വേണം. ഉടമസ്ഥന്റെപേരിൽ 200 മീറ്ററിനകത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ 75 ശതമാനംവരെ അനുവദിക്കും. പാർക്കിങ് സ്ഥലത്ത് മറ്റുനിർമാണം ഉണ്ടാകില്ലെന്നും മറ്റാർക്കും കൈമാറില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായി ഉടമ കരാറുണ്ടാക്കണം.
നിലവിൽ അഞ്ചുവർഷമാണ് കെട്ടിടനിർമാണ പെർമിറ്റ് കാലാവധി. അഞ്ചുവർഷത്തേക്കുകൂടി നീട്ടിനൽകാറുണ്ടെങ്കിലും പിന്നീടും നീട്ടാനുള്ള നടപടികൾ സങ്കീർണമാണ്. ഇതിനുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കി അഞ്ചുവർഷത്തേക്കുകൂടി അനുമതി നൽകുന്നതോടെയാണ് ആകെ 15 വർഷം കാലാവധി കിട്ടുകയെന്ന് മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ വിശദീകരിച്ചു.