തിരുവനന്തപുരം: ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്സിൽ സ്കൂൾ മേട്രനായ ജീൻ ജാക്സന് പതിനെട്ട് കൊല്ലം കഠിന തടവിനും 30,000 രൂപ പിഴയ്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 6മാസം കൂടുതൽ തടവ് അനുഭവിക്കണം. 2019 സെപ്റ്റംബർ അഞ്ചിനു ആണ് സംഭവം നടന്നത്. ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന വിദ്യാർത്ഥി ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നത്. സംഭവ ദിവസം മേട്രൻ ആയ പ്രതി സ്കൂൾ ഹോസ്റ്റലിൽ വെച്ചു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും പ്രതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിപ്പിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ സംഭവം ബധിരനുമായ മൂകനുമായ മറ്റൊരു കുട്ടി കണ്ടു. മറ്റാരോടും സംഭവം പറയരുത് എന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. രണ്ട് ആഴ്ച കഴിഞ്ഞിട്ട് സംഭവം കണ്ട കുട്ടി മറ്റാരോടോ പറഞ്ഞതായി അറിഞ്ഞ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് മറ്റ് കുട്ടികൾ കണ്ടിരുന്നു. ഇവർ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തു അറിഞ്ഞത്. ഇരു കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്തോടുകൂടിയാണ് കോടതിയിൽ വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയിൽ മൊഴി പറഞ്ഞു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. 25 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിക്കുകയും നാല് രേഖകളും ഹാജരാക്കി. കുട്ടി കോടതിയിൽ പറഞ്ഞത് എല്ലാം കള്ളമാണെന്ന് തന്നോട് പറഞ്ഞതായി പ്രതി ഭാഗം സാക്ഷിയായി വന്ന സ്കൂൾ അധ്യാപകൻ റോബിൻസൺ കോടതിയിൽ മൊഴി നല്കിയിരുന്നു. ഇതിനെ തുടർന്നു പ്രോസിക്യൂഷൻ വീണ്ടും ഇരയായ കുട്ടിയെ വിസ്തരിക്കണം എന്ന ആവശ്യം കോടതിയിൽ നൽകി. പ്രോസിക്യൂഷൻ നൽകിയ ആവശ്യം കോടതി അംഗീകരിച്ചു. കുട്ടിയെ രണ്ടാമത് വിസ്തരിച്ചപ്പോൾ താൻ അധ്യാപകനോട് പീഡനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലായെന്ന് എന്ന് കുട്ടി പറഞ്ഞു. ഇത് കോടതി പരിഗണിച്ച് അധ്യാപകന്റെ മൊഴി തള്ളി. പൊതു സേവകനായ പ്രതിയുടെ പ്രവർത്തി ന്യായീകരിക്കാൻ പറ്റാത്തതിനാൽ ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. കുട്ടികൾ അനുഭവിച്ച ഭയം കോടതിക്ക് കാണാതിരിക്കാൻ പറ്റില്ലായെന്നും കോടതി നിരീക്ഷിച്ചു. മ്യൂസിയം എസ് ഐ മാരായിരുന്ന പി.ഹരിലാൽ, ശ്യാംലാൽ.ജെ.നായർ, ജിജുകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.