തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ചികിത്സകള്‍ക്കായി ആയിരത്തിലധികം സ്വകാര്യ ആശുപത്രികൾ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് സംബന്ധിച്ച പട്ടിക പ്രൈവറ്റ് ഹോസ്പിറ്റൽ ബോർഡ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പൂട്ടിപ്പോയ 72 ആശുപത്രികളും സർക്കാർ ഏറ്റെടുത്ത് ചികിത്സയ്ക്കായി ഇതിനോടകം തയാറാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി മൂന്ന് പദ്ധതികളാണ് സര്‍ക്കാരിനുള്ളത്.
പ്ലാൻ എയില്‍ രണ്ട് സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലേതടക്കം 1216 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. സ്ഥിതി ഗുരുതരമാകുകയാണെങ്കില്‍ സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ അടക്കം ഏറ്റെടുത്തുകൊണ്ടുള്ള പ്ലാൻ ബി പദ്ധതി. ഇതുപ്രകാരം 55 സ്വകാര്യ ആശുപത്രികളിലെ ഉൾപ്പെടെ 1425 ഐസൊലേഷൻ കിടക്കകൾ ഒരുക്കും. സമൂഹ വ്യാപനം ഉണ്ടായി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ 41 സ്വകാര്യആശുപത്രികൾ കൂടി ഏറ്റെടുക്കുന്ന പ്ലാൻ സി യില്‍ 3028 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
എന്നാൽ അടിയന്തര ഘട്ടം വന്നാല്‍ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും സര്‍ക്കാരിനോട് സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ 5000 കിടക്കകളാണ് സ്വകാര്യ മേഖലയുടെ വാഗ്ദാനമെങ്കിലും അരലക്ഷത്തിലധികം കിടക്കകളുള്ളതില്‍ ആവശ്യാനുസരണം വിട്ടുനല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 100ല്‍ അധികം ഐസിയു കിടക്കകളും ഉണ്ട്. 150ലേറെ വെന്‍റിലേറ്ററുകളും സ്വകാര്യ ആശുപത്രികള്‍ വിട്ടുകൊടുക്കും. പൂട്ടിപ്പോയ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും സ്വകാര്യ ഹോസ്റ്റലുകളും ഹോട്ടലുകളും സ്ഥാപനങ്ങളുമടക്കം 147 എണ്ണം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്‍ററുകള്‍ ആക്കിയിട്ടുണ്ട്. 20000ത്തിലധികം പേരെ ഒരേ സമയം പാര്‍പ്പിക്കാവുന്നതരത്തില്‍ ഉള്ള സംവിധാനവും സ്വകാര്യ മേഖലയില്‍ ഒരുക്കിയിട്ടുണ്ട്.