മാടത്തുംപടി : ഡല്‍ഹിയില്‍ ബിജെപിക്കും സിപിഎമ്മിനും ഇടയില്‍ പാലം പണിയുന്ന പ്രത്യേക പ്രതിനിധിക്കും യാത്രാബത്ത 5 ലക്ഷം രൂപയില്‍നിന്ന് 11.31 ലക്ഷമാക്കി ഉയര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാരുടെ 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞത് ക്രൂരമായ നടപടിയാണ് എന്നും സമൂഹത്തിന് സേവനം നല്‍കുന്നവരാണ് ആശാവർക്കർമാർ എന്ന കാര്യം പിണറായി മറക്കരുത്. മറ്റെല്ലാ മേഖലയിലും ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ ആശാവര്‍ക്കര്‍മാരെ മാത്രം അവഗണിക്കുന്നതിനെ എന്തുവാദങ്ങൾ നിരത്തിയാലും ന്യായീകരിക്കാൻ ആവില്ല . ഉപ്പുതൊട്ട് കര്‍പ്പൂരം വരെ സകലതിനും വില കൂട്ടി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കിയ എൽഡിഎഫ് സർക്കാർ 7000 രൂപ മാത്രമാണ് ആശാവർക്കർമാർക്ക് നൽകുന്നത്. സങ്കടം പറയാന്‍ ആരോഗ്യമന്ത്രിയുടെ വീട്ടിലെത്തിയ ആശാവര്‍ക്കര്‍മാരെ ആട്ടിയോടിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. പുലര്‍ച്ചെ നാലുമണിക്ക് കാണാന്‍ ചെന്നപ്പോള്‍ പോലും അവരെ കേള്‍ക്കാന്‍ തയ്യാറായ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും കേരളം ഭരിച്ചിരുന്നു എന്നത് മുഖ്യമന്ത്രി മറക്കരുത്. ആശാവര്‍ക്കര്‍മാര്‍ക്ക് അർഹമായ കേന്ദ്രവിഹിതം നൽകാതെ കേന്ദ്രവും ഒത്തുകളിക്കുകയാണ്. സമ്പന്നരുടെ ആവശ്യമാണെങ്കില്‍ ഒറ്റക്കെട്ടായി കാര്യങ്ങൾ നടപ്പിലാക്കുന്ന മോഡി സർക്കാരും പിണറായി സർക്കാരും ഒറ്റക്കെട്ടായി ആശാവര്‍ക്കമാരെ കൈവിട്ടിരിക്കുകയാണ്.
കോവിഡ് കാലത്തടക്കം നമുക്കായി സേവനം ചെയ്ത ആശാ വർക്കർമാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള ഈ പോരാട്ടം ശക്തമായി മുന്നോട്ട് പോകാൻ പിന്തുണ നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ. കോൺഗ്രസ് നീരാട്ടുകാവ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് റെഞ്ചി പതാലിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി, റൂബി കോശി, അന്നമ്മ തോമസ്, ജോസഫ് കാക്കാനംപള്ളിൽ, ജെറിൻ പ്ലാച്ചേരിൽ, റ്റി. ഡി. കുഞ്ഞുമോൻ, മാത്യു ഐസക് എന്നിവർ പ്രസംഗിച്ചു.