തിരുവല്ല : പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ച സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം ജനദ്രോഹപരമാണെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കി വോട്ടു നേടി അധികാരത്തിലെത്തിയ സർക്കാർ കേരളത്തെ ഘട്ടം ഘട്ടമായി മദ്യാലയം ആക്കുന്ന പ്രക്രിയയിലെ പ്രധാന ചുവടുവെപ്പാണ് ബ്രൂവറി തുടങ്ങുവാനുള്ള അനുവാദം. വിവിധ മേഖലകളിൽ ജനം പ്രയാസപ്പെടുന്ന സാഹചര്യത്തിൽ മദ്യലഭ്യത വർദ്ധിപ്പിക്കുവാൻ സർക്കാർ ശ്രമിക്കുന്നത് ജനങ്ങളുടെ ആരോഗ്യവും സ്വത്തും സ്വൈര്യ ജീവിതവും നശിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുന്നതിനുള്ള ശ്രമമായി കാണണം.
കൊക്കക്കോള കമ്പനിയെ തുരത്തിയവർ അതിലും വലിയ ജല ദൗർലഭ്യം അനുഭവപ്പെടുന്ന ബ്രൂവറിക്കായി ഒത്താശ ചെയ്യുന്നത് അവസരവാദപരമാണ്. കൊക്കക്കോള കുടിക്കുന്ന വ്യക്തിയെ അത് നശിപ്പിക്കും എങ്കിൽ മദ്യപിക്കുന്ന വ്യക്തിയെയും അവന്റെ സമൂഹത്തെയും മദ്യം നശിപ്പിക്കും എന്ന സത്യം മനസ്സിലാക്കണം. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽ കൃഷി ചെയ്യുന്ന സ്ഥലമായ പാലക്കാടിന്റെ കൃഷിയെ തകർക്കുന്നതിന് ഇത് കാരണമാകും. കൃഷിയെ നശിപ്പിച്ച് ഭക്ഷ്യ സുരക്ഷയ്ക്ക് പോലും ഭീഷണി ഉണ്ടാക്കുന്ന ഈ പദ്ധതി ജന താത്പര്യങ്ങൾക്ക് എതിരാണ്.
തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് ഒയാസിസ് കമ്പനിക്ക് അനുമതി നൽകുവാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന 25 ഏക്കർ സ്ഥലം വ്യവസായ ആവശ്യത്തിനായി തരം മാറ്റണം എന്ന കമ്പനിയുടെ അപേക്ഷ ആർഡിഒയും കൃഷി വകുപ്പും ആദ്യം നിരസിച്ചതാണെന്ന വസ്തുത പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാക്കുന്നു. ഇപ്പോൾ പ്രത്യേക അനുമതിയാണ് ലഭിച്ചിട്ടുള്ളത് എന്നറിയുന്നു. അതിനാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവർ പ്രസംഗിച്ചു.