ഡല്‍ഹി: ജൂലായ് 1 മുതല്‍ കാലപ്പഴക്കം ചെന്നവാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തിലിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ കണ്ടെത്തിയ പദ്ധതിയാണ് ഇന്ധനം നിഷേധിക്കല്‍. 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും കാലാവധി കഴിഞ്ഞ വാഹനങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പെട്രോളോ ഡീസലോ നല്‍കരുതെന്നാണ് സര്‍ക്കാര്‍ പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നടപടിയിലൂടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
നിയമം കര്‍ശനമാക്കുന്നതോടെ ഡല്‍ഹിയില്‍ 62ലക്ഷം വാഹനങ്ങളെയും ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയില്‍ 27.5ലക്ഷം വാഹനങ്ങളും ഉത്തര്‍പ്രദേശില്‍ 12.69 ലക്ഷം വാഹനങ്ങളും രാജസ്ഥാനില്‍ 6.2 ലക്ഷം വാഹനങ്ങളെയും ഈ തീരുമാനം ബാധിക്കും. ഇത്തരത്തില്‍ നിരത്തിലിറങ്ങുന്ന പഴയ വാഹനങ്ങളെ കണ്ടെത്താന്‍ ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഡല്‍ഹിയില്‍ 500ഓളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 498 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ ക്യാമറയുടെ സഹായത്തോടെ വാഹനങ്ങള്‍ പരിശോധിച്ച് കാലപഴക്കം ചെന്നതാണോ എന്ന് പരിശോധിക്കേണ്ടതാണ്. പഴയ വാഹനങ്ങള്‍ കണ്ടെത്തി കഴിഞ്ഞാല്‍ പിഴ നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.