പത്തനംതിട്ട : സംസ്ഥാന സർക്കാർ കടക്കെണിയിൽ മുങ്ങിത്താഴുമ്പോൾ കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയും ആണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. അഹമ്മദ്ബാദ് എ.ഐ.സി.സി തീരുമാനങ്ങൾ വിശദീകരിക്കുവാൻ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗം പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടക്കെണി മൂലം ലോകബാങ്ക് സഹായം പോലും വകമാറ്റി ചിലവഴിക്കേണ്ട ഗതികേടിലായ സർക്കാണ് കേരളം ഭരിക്കുന്നതെന്നും സമസ്ത മേഖലകളിലും നികുതിയും വൈദ്യുതി, വെള്ളക്കരം എന്നിവയും വർദ്ധിപ്പിച്ചിട്ടും ശമ്പളവും ക്ഷേമ പെൻഷനുകളും പോലും നല്കാനാകാതെ സർക്കാർ നട്ടംതിരിയുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
സർക്കാരിന്റെ ധൂർത്തിനും കെടുകാര്യസ്ഥതക്കും ധാർഷ്ട്യത്തിനും വരും തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി നല്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, എ. സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, കെ.കെ റോയ്സൺ, സജി കൊട്ടക്കാട്, അജു ഏഴംകുളം, റോഷൻ നായർ, ബി. നരേന്ദ്രനാഥ്, മാത്യു ചെറിയാൻ, കെ.വി സുരേഷ്കുമാർ, രമാ ജോഗീന്ദർ എന്നിവർ പ്രസംഗിച്ചു. ഡി.സി.സി അംഗങ്ങൾ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. ഏപ്രിൽ 30 -ന് നടക്കുന്ന രാജീവ് ഭവന്റെ നവീകരണ ഉദ്ഘാടനം മെയ് ആറിന് സർക്കാരിനെതിരായി സംഘടിപ്പിക്കുന്ന ജില്ലാ കളക്ട്രേറ്റ് മാർച്ച് എന്നിവ വിജയിപ്പിക്കുന്നതിന്ന് യോഗം തീരുമാനിച്ചു.