കോട്ടയം: ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്കായ് ജീവിതം ഉഴിഞ്ഞുവച്ച ഉമ്മന്‍ചാണ്ടിയെന്ന പ്രിയപ്പെട്ട നേതാവിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി കോട്ടയം നഗരം. പൊരിവെയിലിലും അണമുറിയാത്ത ജനപ്രവാഹമാണ് കോട്ടയത്തെ തിരുനക്കര മൈതാനത്തേയ്ക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, മമ്മൂട്ടി, സുരേഷ്ഗോപി, സാമൂഹിക, സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖര്‍ എന്നിങ്ങനെ വന്‍ ജനാവലി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹൃദയരഥത്തിലേറ്റിയാണ് ഉമ്മന്‍ചാണ്ടിയെ ജന്‍മനാട്ടിലേക്ക് കേരളമൊന്നാകെ എത്തിക്കുന്നത്. 152 കിലോമീറ്റര്‍ താണ്ടാന്‍ 28 മണിക്കൂറാണ് വേണ്ടി വന്നത്.
തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളിയിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നരവരെ പുതുപ്പള്ളി പള്ളിയില്‍ പൊതുദര്‍ശനം. മൂന്നരയ്ക്ക് സംസ്കാരശുശ്രൂഷ ആരംഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കബറിടത്തിലെ ശുശ്രൂഷ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മീനടം മനോരമന്യൂസിനോട് അറിയിച്ചു.