ഡൽഹി: ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോരിന് തൽക്കാല ആശ്വാസം ലഭിച്ച ശേഷമാണ് വീണ്ടും ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന മുന്‍ നിലപാട് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭരണഘടനാ വിരുദ്ധമായ നടപടികളാണെന്നും അത്തരം നടപടികൾക്ക് അംഗീകാരം നല്‍കാനാകില്ലെന്നും ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടന സംരക്ഷിക്കാനാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഇന്ത്യ ജനാധിപത്യ രാജ്യമായതിനാല്‍ തന്നെ പ്രമേയങ്ങള്‍ പാസാക്കാന്‍ നിയമസഭകള്‍ക്ക് അധികാരമുണ്ടെന്നാണ് ഇന്ന് ദില്ലിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. അതേസമയം തന്നെ ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നത് ചട്ടമാണെന്നും ഭരണഘടനാ വിരുദ്ധമായ ഒരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.